Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ആന്ത്രാക്‌സ് തൃശൂരില്‍ സ്ഥിരീകരിച്ചു; അതീവ ജാഗ്രത

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ആന്ത്രാക്‌സ് തൃശൂരില്‍ സ്ഥിരീകരിച്ചു; അതീവ ജാഗ്രത
, വ്യാഴം, 30 ജൂണ്‍ 2022 (09:53 IST)
തൃശൂര്‍ വനമേഖലയില്‍ മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു. തൃശൂര്‍ അതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചത്. അതിരപ്പള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. ഇവയുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകള്‍ നിരീക്ഷണത്തിലാണ്. പ്രതിരോധത്തിനു അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മൃഗങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിക്കും. 
 
അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
 
ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്‌സ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ആന്ത്രാക്‌സ് അത്യന്തം അപകടകാരിയാണ്. കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗം വഷളാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 18,819; മരണം 39