കമ്പം ജനവാസകേന്ദ്രത്തില്‍ പരിഭ്രാന്ത്രി പടര്‍ത്തുന്ന അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്പനെ പിടികൂടണമെന്നാണ് സ്റ്റാലിന്റെ നിര്‍ദേശം. മയക്കുവെടിവെച്ച് അരിക്കൊമ്പനെ തളയ്ക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം. ഇതിനായുള്ള ഉത്തരവും പുറത്തിറങ്ങി.
കമ്പത്തുനിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മിഷന്‍ അരിക്കൊമ്പന്‍ ഉത്തരവ് പുറപ്പെടുവിക്കും. ഇതിനായി 3 കുങ്കിയാനകളുമായി മുതുമലയില്‍ നിന്നും ആനമലയില്‍ നിന്നും വനംവകുപ്പ് പുറപ്പെട്ടുകഴിഞ്ഞു. ഇതിനിടയില്‍ കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവ് പറ്റിയതായി വനം വകുപ്പ് സ്ഥിരീകരിച്ചു.കേരളവും സംഭവങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട് ആനയെ പിടികൂടി ഉള്‍വനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് കേരളത്തോട് ചേര്‍ന്നുള്ള വനത്തിലേക്ക് പരിഗണിക്കരുതെന്ന് കേരളം ആവശ്യപ്പെടും.
അതേസമയം അരിക്കൊമ്പനെതിരെ നടപടിയെടുക്കുന്നതിനെതിരെ ആനപ്രേമികൾ രംഗത്തെത്തി. ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ അരിക്കൊമ്പനെ പിടിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ആനപ്രേമികൾ പറയുന്നു. കേരള ഹൈക്കോടതി ഉത്തരവ് തമിഴ്‌നാടിന് ബാധകമല്ലാത്തതിനെ തുടർന്നാണ് പുതിയ നീക്കം.