Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഭയെ വീഴ്ത്താന്‍ അരിതയ്ക്ക് കഴിയില്ല, ചെങ്ങന്നൂര്‍ ചുവന്ന് തന്നെ; ആലപ്പുഴയിലും ഇടത് ആധിപത്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ

പ്രതിഭയെ വീഴ്ത്താന്‍ അരിതയ്ക്ക് കഴിയില്ല, ചെങ്ങന്നൂര്‍ ചുവന്ന് തന്നെ; ആലപ്പുഴയിലും ഇടത് ആധിപത്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ
, വെള്ളി, 30 ഏപ്രില്‍ 2021 (19:50 IST)
കായംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭ ജയം ആവര്‍ത്തിക്കും. അരിത ബാബുവിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള യുഡിഎഫ് മോഹത്തിനു തിരിച്ചടി കിട്ടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സി വോട്ടര്‍ പോസ്റ്റ് പോള്‍ സര്‍വെ ഫലം. ചെങ്ങന്നൂര്‍ സജി ചെറിയാന്‍ നിലനിര്‍ത്തും. മാവേലിക്കരയും ചുവന്ന് തന്നെ. ഹരിപ്പാട് യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ജയിക്കും. കുട്ടനാട്ടില്‍ എല്‍ഡിഎഫ്-യുഡിഎഫ് ശക്തമായ പോരാട്ടത്തിനു കളമൊരുങ്ങും. അമ്പലപ്പുഴയില്‍ യുഡിഎഫ് എം.ലിജുവിലൂടെ അട്ടിമറി ജയം നേടും. ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് ജയിച്ചേക്കാമെന്നും ഏഷ്യാനെറ്റ് ന്യൂസ്-സി വോട്ടര്‍ സര്‍വെ ഫലം. 

പത്തനംതിട്ട ജില്ലയിലെ പ്രവചനം ഇങ്ങനെ 

കോന്നിയില്‍ എല്‍ഡിഎഫ് ജയം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ്- സി വോട്ടര്‍ പോസ്റ്റ് പോള്‍ സര്‍വെ ഫലം. ഉപതിരഞ്ഞെടുപ്പിലൂടെ കോന്നി പിടിച്ചെടുത്ത കെ.യു.ജെനീഷ് കുമാര്‍ ജയം ആവര്‍ത്തിക്കും. യുഡിഎഫ് രണ്ടാം സ്ഥാനത്താകും. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പ്രവചനം. കോന്നി കൂടാതെ മഞ്ചേശ്വരത്തും സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. മഞ്ചേശ്വരത്ത് സുരേന്ദ്രന് ജയസാധ്യത ഈ സര്‍വെ പ്രവചിച്ചിട്ടുണ്ട്. ആറന്‍മുളയില്‍ വീണ ജോര്‍ജ് ജയിക്കുമെന്നും പ്രവചനം. റാന്നിയില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടേക്കാമെന്നും പോസ്റ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നു. അടൂരില്‍ മുന്‍തൂക്കം എല്‍ഡിഎഫിന്. തിരുവല്ലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കിലും മുന്‍തൂക്കം എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസിനാണ് പ്രവചിക്കുന്നത്. പത്തനംതിട്ടയില്‍ മൂന്ന് മുതല്‍ നാല് വരെ സീറ്റ് എല്‍ഡിഎഫ് നേടിയേക്കാം. യുഡിഎഫ് ഒന്നു മുതല്‍ രണ്ട് സീറ്റ് വരെയെന്നും പ്രവചനം. 

കൊല്ലത്തെ പ്രവചനം ഇങ്ങനെ 
 
കൊല്ലത്ത് സിനിമാ താരം കൂടിയായ മുകേഷ് വീണ്ടും ജയിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ ഫലം. 2016 ല്‍ മുകേഷ് ജയിച്ച മണ്ഡലം ഇത്തവണ നിലനിര്‍ത്തും. ബിന്ദു കൃഷ്ണ തോല്‍ക്കുമെന്നും സര്‍വെ പ്രവചിക്കുന്നു. സംസ്ഥാനത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കൊല്ലം ജില്ലയിലെ കുണ്ടറ മണ്ഡലത്തില്‍ അട്ടിമറിയാണ് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നത്. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ പരാജയപ്പെടും. യുഡിഎഫ് സ്ഥാനാര്‍ഥി പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ അട്ടിമറി ജയം നേടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സി വോട്ടര്‍ പോസ്റ്റ് പോള്‍ സര്‍വെ ഫലം പറയുന്നു. പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാര്‍ വീണ്ടും ജയിക്കുമെന്നും പ്രവചനം. കൊട്ടാരക്കരയില്‍ ഇടത് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍ ജയിക്കുമെന്നും പ്രവചനം. 
 
തിരുവനന്തപുരത്തെ ഫലം ഇങ്ങനെ

തിരുവനന്തപുരത്തെ മണ്ഡലങ്ങളിലെ എല്‍ഡിഎഫ് ആധിപത്യം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ്-സി വോട്ടര്‍ പോസ്റ്റ് പോള്‍ സര്‍വെ ഫലം. ആകെയുള്ള 14 സീറ്റില്‍ 10 മുതല്‍ 11 സീറ്റ് വരെ എല്‍ഡിഎഫ് നേടിയേക്കാം. യുഡിഎഫ് നേടുക രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ മാത്രം. നേമത്ത് എന്‍ഡിഎയും യുഡിഎഫും തമ്മില്‍ കടുത്ത മത്സരം പ്രവചിക്കുന്നു. തിരുവനന്തപുരം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തും. കോവളത്തും അരുവിക്കരയിലും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ശക്തമായ പോരാട്ടം നടന്നേക്കാം. കഴക്കൂട്ടത്ത് എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് സര്‍വെ പ്രവചിക്കുന്നത്. മറ്റ് മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പ്രവചനം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോന്നിയില്‍ സുരേന്ദ്രന് നാണക്കേട്; മൂന്നാം സ്ഥാനത്താകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ