അസ്ലം വധം: മുഖ്യപ്രതി പൊലീസ് പിടിയില്‍
അസ്ലം വധം: മുഖ്യപ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലം വധക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനും വെള്ളൂര്‍ കോടഞ്ചേരി കരുവിന്റവിട രമീഷി(26)നെയാണ് കുറ്റ്യാടി സിഐ സജീവന്‍ അറസ്റ്റ് ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതും അസ്ലമിനെ പിന്തുടര്‍ന്നു കൊലയാളികള്‍ക്കു വിവരം നല്‍കിയതും രമീഷാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
കേസില്‍ സിപിഎം പ്രവര്‍ത്തകനും വളയം നിരവുമ്മല്‍ സ്വദേശി കക്കുഴിയുളള പറമ്പത്ത് കുട്ടു എന്ന നിധിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലയാളികള്‍ ആവശ്യപ്പെട്ട പ്രകാരം കൊലപാതകത്തിന് ഇന്നോവ കാര്‍ സംഘടിപ്പിച്ച് നല്‍കി കൊലപാതകത്തിന് അറിഞ്ഞു കൊണ്ട് കൂട്ടുനിന്നതിനുമാണ് നിധിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 11നാണ് തൂണേരി വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാളിയപ്പറമ്പത്ത് അസ്ലം വെട്ടേറ്റു മരിച്ചത്. ഇന്നോവ കാറിലെത്തിയ സംഘമാണ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയത്.