Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ്റുകാല്‍ പൊങ്കാലക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നിയന്ത്രിക്കാന്‍ 2750 പൊലീസ് ഉദ്യോഗസ്ഥര്‍

ആറ്റുകാല്‍ പൊങ്കാലക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നിയന്ത്രിക്കാന്‍ 2750 പൊലീസ് ഉദ്യോഗസ്ഥര്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 27 ഫെബ്രുവരി 2023 (08:51 IST)
മാര്‍ച്ച് ഏഴിന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന നിരവധി ഉപ ഉത്സവങ്ങളില്‍ ഭക്ഷ്യസുരക്ഷ, ഉച്ചഭാഷിണി ഉപയോഗം, റോഡ് ഗതാഗതം എന്നിവ നിയമാനുസൃതമായിരിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു. ചൂടുകാലത്ത് വൃത്തിഹീനമായ ഭക്ഷണവും ദാഹശമനികളുമല്ല വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കണം. ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അനുവദിക്കാനാകില്ല.
 
ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്പെഷ്യല്‍ ഓഫീസര്‍ ചുമതല തിരുവനന്തപുരം സബ്കളക്ടര്‍ അശ്വതി ശ്രീനിവാസിനാണ്. പൊങ്കാലയുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടത്തേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍/ശുചീകരണ നടപടികള്‍ എന്നിവയുടെ എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ജില്ലാ കളക്ടര്‍ മുഖേന സമര്‍പ്പിക്കണം. ഇതിന്റെ തുടര്‍നടപടിക്ക് ധനകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് 2.50 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്.
 
തദ്ദേശസ്വയംഭരണ വകുപ്പ് അനുവദിച്ച തുകക്ക് പുറമെ തിരുവനന്തപുരം നഗരസഭ 5.2 കോടി രൂപ കൂടി ചെലവിടുന്നതായി മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഹരിത പ്രോട്ടോക്കോള്‍ പരിശോധനക്കായി സ്‌ക്വാഡ് സജീവമായി രംഗത്തുണ്ട്. നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡിന്റെ സജീവ പ്രവര്‍ത്തനവും ഉറപ്പാക്കിയിട്ടുണ്ട്.
 
ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ ഉണ്ടാകും. ഹെല്‍ത്ത് സര്‍വീസിന്റെ 10 ആംബുലന്‍സും നൂറ്റി എട്ടിന്റെ (108) രണ്ട് ആംബുലന്‍സും നഗരസഭയുടെ മൂന്ന് ആംബുലന്‍സും പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്റെ 10 ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. ആറ് മെഡിക്കല്‍ ക്യാമ്പുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും. ഉത്സവമേഖലയില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വിപണനവും  കര്‍ശനമായി തടയാനുള്ള നടപടികള്‍ ഉണ്ടാകും. എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പെട്രോളിങ്ങും അനുബന്ധ പരിശോധനകളും ഉണ്ടായിരിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി 2000 പുരുഷ പോലീസിനെ കൂടാതെ 750 വനിതാ പോലീസിനെ കൂടി നിയോഗിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭയിലെ ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണം: സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്