Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ ആറ് വെള്ളിയാഴ്ച ബക്രീദ് അവധി നല്‍കിയിരുന്നു
Bakrid Holiday: വലിയ പെരുന്നാളിന്റെ പൊതു അവധി ശനിയാഴ്ചയ്ക്കു മാറ്റിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂണ്‍ ആറ്) അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി ബാധകമായിരിക്കും.
അതേസമയം പൊതുഭരണ വകുപ്പ് നിശ്ചയിച്ച ശനിയാഴ്ചയിലെ അവധിയില്‍ മാറ്റമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അടക്കം വെള്ളിയാഴ്ച പ്രവൃത്തിദിനവും ശനിയാഴ്ച പൊതു അവധിയും ആയിരിക്കും.
സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ ആറ് വെള്ളിയാഴ്ച ബക്രീദ് അവധി നല്‍കിയിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയ്ക്കു മാറ്റിയതോടെ വെള്ളിയാഴ്ചയിലെ പൊതു അവധി മാറ്റുകയും ശനിയാഴ്ച പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍ (ബക്രീദ്). പിന്നീട് മകന് പകരം അല്ലാഹുവിന്റെ തന്നെ കല്‍പ്പന പ്രകാരം മൃഗത്തെ ബലി കഴിക്കുകയാണ് ഇബ്രാഹിം നബി ചെയ്തത്.