ബാര്‍ കോഴക്കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി വിജിലൻസ് കോടതി. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ആണ് കോടതി തള്ളിയത്. പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽനിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിർദേശിച്ചു.
പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണു കേസ്. ബാറുടമയായ ബിജു രമേശ് പീപ്പിള്‍ ടിവിയുടെ പ്രതിദിന വാര്‍ത്ത സംവാദപരിപാടിയായ ന്യൂസ് ആന്‍ഡ് വ്യൂസില്‍ വെച്ചാണ് കെ എം മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത്.
നിലവാരമില്ലാത്ത ബാറുകള്‍ തുറക്കുന്നതിന് വേണ്ടി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈപറ്റിയെന്നാണ് പരാതിക്കാരനായ ബിജു രമേശിന്‍റെ ആരോപണം.
കെ എം മാണിക്ക് ബാറുടമകള്‍ പണം കൈമാറ്റം ചെയ്തു എന്നതിന് തെളിവുകള്‍ ഇല്ലെന്നാണ് രണ്ട് തവണത്തെ അന്വേഷണത്തിലും വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
കെഎം മാണി നിയമകാര്യ മന്ത്രിയായിരിക്കെ ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് ഘട്ടം ഘട്ടമായി ഒരു കോടി രൂപ മന്ത്രി മന്ദിരമായ പ്രശാന്തിലും, പാലയിലെ സ്വന്തം വസതിയിലും വെച്ച് വാങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഇതേ തുടര്‍ന്ന് 2015ല്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സ് കെഎം മാണിയെ പ്രതിയാക്കി എഫ് ഐആര്‍ രജിസ്ട്രര്‍ ചെയ്തത്.