Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമ്പാദ്യമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ബീഡിത്തൊഴിലാളി രണ്ടാം പിണറായി സര്‍ക്കാരിന്റെ വിവിഐപി

സമ്പാദ്യമെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ബീഡിത്തൊഴിലാളി രണ്ടാം പിണറായി സര്‍ക്കാരിന്റെ വിവിഐപി
, ബുധന്‍, 19 മെയ് 2021 (08:06 IST)
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിഐപിയായി ജനാര്‍ദ്ദനനും. വാക്‌സിന്‍ ചലഞ്ചുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് ബീഡിത്തൊഴിലാളിയായ ജനാര്‍ദ്ദനന്‍. മേയ് 20 വെള്ളിയാഴ്ച സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ജനാര്‍ദ്ദനനും എത്തും. ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ കത്തും കാര്‍, ഗേറ്റ് പാസുകളും ജനാര്‍ദ്ദനന്‍ തന്നെയാണ് പുറത്തുവിട്ടത്. 'പാസ് കിട്ടിയപ്പോ ഞാന്‍ സന്തോഷിച്ചു. ആകാശത്തിലാണോ ഭൂമിയിലാണോ എന്നൊക്കെ തോന്നി. ഇങ്ങനെ ആദരവൊന്നും പ്രതീക്ഷിച്ചല്ല അന്നത് ചെയ്തത്,' സന്തോഷവാര്‍ത്ത പങ്കുവച്ച് ജനാര്‍ദ്ദനന്‍ പറഞ്ഞു. 
 
അക്കൗണ്ടിലുണ്ടായിരുന്ന 2,00,850 രൂപയില്‍, 850 രൂപ ബാക്കി വച്ച് രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയാണ് ജനാര്‍ദ്ദനന്‍ ശ്രദ്ധേയനായത്. ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ ടൗണിലെ ഒരു ബാങ്കു ജീവനക്കാരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജനാര്‍ദ്ദനന്റെ കഥ പുറംലോകമറിഞ്ഞത്. 

ബാങ്ക് ജീവനക്കാരന്‍ ജനാര്‍ദ്ദനനെ കുറിച്ചെഴുതി കുറിപ്പ് ഇങ്ങനെ: 
 
ഇന്നലെ ഞാന്‍ ജോലിചെയ്യുന്ന ബാങ്കില്‍ പ്രായമുള്ള ഒരാള്‍ വന്നു. പാസ്സ് ബുക്ക് തന്നു ബാലന്‍സ് ചോദിച്ചു. 2,00,850 രൂപ ഉണ്ടെന്നു പറഞ്ഞു. 'ഇതില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിന്‍ വാങ്ങുന്നതിനു സംഭാവന നല്‍കണം'. കാണുമ്പോള്‍തന്നെ അവശത തോന്നുന്ന ഒരു മനുഷ്യന്‍. കുറച്ചു സംസാരിച്ചപ്പോള്‍ ജീവിക്കാന്‍ മറ്റ് ചുറ്റുപാടുകള്‍ ഒന്നും ഇല്ലെന്നു മനസ്സിലായി. വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാല്‍ പോരെ എന്ന് ചോദിച്ചു. നിങ്ങള്‍ക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.''
 
'എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000 രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. ' 'മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാന്‍ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്. '
 
'അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോള്‍. ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിര്‍ത്തുന്നത്. അതാണ് ഉറപ്പോടെ പറയുന്നത് നമ്മള്‍ ഇതും അതിജീവിക്കും.. അതാണ് ഉറപ്പോടെ പറയുന്നത് ഇത് കേരളമാണ്.''
 
 
 

 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയാം