പാതയോരങ്ങളിലെ 110 മദ്യവിൽപനശാലകൾ മാറ്റി സ്ഥാപിക്കുമെന്ന് ബെവ്കോ
ദേശീയ–സംസ്ഥാന പാതയോരത്തെ 110 മദ്യ ഔട്ട്‌ലെറ്റുകൾ ബെവ്കോ മാറ്റി സ്ഥാപിക്കും
ദേശീയ, സംസ്‌ഥാന പാതകൾക്കു സമീപം പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന മദ്യവിൽപനശാലകളുടെ 110 ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കാൻ ബവ്‌റിജസ് കോര്‍പറേഷൻ നടപടി ആരംഭിച്ചു. ഇത്തരം പാതകളില്‍ മദ്യവിൽപനശാലകൾ പ്രവർത്തിപ്പിക്കുന്നതിനു സുപ്രീം കോടതി നിരോധനമേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ബവ്‌കോയുടെ ഈ നടപടി.
ഒരു മാസത്തിനകം എല്ലാ ഔട്ട്‌ലെറ്റുകളും മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ വിധിപ്പകർപ്പ് സർക്കാർ നിയമവകുപ്പിനു കൈമാറിയതിനു പിന്നാലെയാണ് ബവ്‌റിജസ് കോര്‍പറേഷന്റെ ഈ നീക്കം. ഇതിന്റെ ആദ്യപടിയായി പാലക്കാട് കൊടുവായൂരില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റ് എട്ടന്നൂരിലേക്കു മാറ്റുകയും ചെയ്തു.
അതേസമയം, ചെറിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ ഈ വിധി നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നു ചൂണ്ട്കാട്ടി പുനപരിശോധന ഹർജിയിലൂടെ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താമെന്നായിരുന്നു കോർപറേഷന്റെ കണക്കുകൂട്ടല്‍. എന്നാൽ വിധിക്ക് അനുകൂലമായ നിലയിലാണ് സംസ്ഥാന സർക്കാരിൽ നിന്ന് നീക്കമുണ്ടായത്. ഈ സാഹചര്യത്തിലാണ് ഔട്ട്‌ലെറ്റുകൾ മാറ്റിസ്ഥാപിക്കാൻ കോർപ്പറേഷൻ ഒരുങ്ങുന്നത്.