കേരളത്തിന്റെ ദേശീയ മൃഗത്തിൽ നിന്നും ഒരു കുടുംബത്തെ രക്ഷിച്ചത് മെക്സിക്കൻ അപാരത!
''കേരളത്തിന്റെ ദേശീയ മൃഗം - ജെസിബി?
അപകടവാർത്തകൾക്ക് ഇപ്പോൾ യാതോരു ക്ഷാമവുമില്ല. പലപ്പോഴും ഇതിനു കാരണം മറ്റുള്ളവരുടെ അശ്രദ്ധയായിരിക്കും. ചില അപകടങ്ങൾ ജിവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം. അത്തരത്തിൽ ഒരനുഭവവം പങ്കുവെയ്ക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്തും അധ്യാപകനുമായ ബിപിൻ ചന്ദ്രൻ.
ബിപിൻ ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സൂർത്തുക്കളെ ,ജെ സി ബി കേരളത്തിന്റെ ദേശീയ മൃഗമാണ്. അവനെ മേയ്ക്കാൻ അറിയാത്ത ഒരു പാപ്പാൻറെ വികൃതി ആണിത്. ഇടതു വശത്തു ഒരു ടിപ്പർ ലോറി കിടന്നതു കൊണ്ടു ഞാൻ കാർ അല്പം വലത്തേക്ക് മാറ്റി ഓടിച്ചതിനാൽ ഇത്രയേ പറ്റിയുള്ളൂ. വണ്ടി പാളിപ്പോയെങ്കിലും കൊക്കയിൽ വീണില്ല.
കെകെ റോഡിൽ പായുന്ന ബസ്സുകൾ എതിരെ വരാഞ്ഞതിനാൽ ആയുസ്സ് നീട്ടിക്കിട്ടി. ഇടതു വശത്തെ ലോറി ഇല്ലായിരുന്നെങ്കിൽ ആ ജെ സി ബി യുടെ കൈ ഡ്രൈവർ സീറ്റും കൊണ്ടു പോയേനെ. ഭാര്യ ദീപ്‌തിയും മക്കൾ ആദിത്യനും അഭയനും സാധാരണ ഇടത് ഭാഗത്താണ് ഇരിക്കാറുള്ളത്. മെക്സിക്കൻ അപാരതയ്ക്കു ടിക്കറ്റ് കിട്ടാഞ്ഞതിനാൽ അവർ എന്റെ കൂടെ യാത്രയ്ക്ക് വന്നില്ല. ഭാഗ്യം.
ഞങ്ങൾക്ക് ആ സിനിമ വരും ദിവസങ്ങളിലെങ്കിലും കാണാമല്ലോ. എനിക്കു സലാം ബുഖാരിയുടെ ദുൽഖർ സൽമാൻ പടത്തിന്റെ തിരക്കഥ പൂർത്തീകരിച്ചു കൊടുക്കാനും കഴിഞ്ഞേയ്ക്കും. നാളത്തെ മഹാരാജാസ് സംഗമത്തിൽ പങ്കെടുക്കാൻ പറ്റില്ലല്ലോ എന്നതിൽ ഇല്ലോളം സങ്കടമുണ്ട്. എങ്കിലും നന്ദി ജെ സി ബി ക്കാരാ നന്ദി .കൊല്ലാതെ വിട്ടതിൽ.