കൊച്ചിയില്‍ ബ്ലിസ്റ്റര്‍ ബീറ്റില്‍ ശല്യം അതിരൂക്ഷം. കാക്കനാട് ഭാഗത്ത് ഇതിനോടകം നൂറിലേറെ പേരെ ഈ പ്രാണി കടിച്ചു. മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും തടിച്ചു പൊന്തുകയും പൊള്ളല്‍ അനുഭവപ്പെടുകയും ചെയ്യും. കഴിഞ്ഞ വര്‍ഷവും ബ്ലിസ്റ്റര്‍ ബീറ്റില്‍ ശല്യം രൂക്ഷമായിരുന്നു. മഴക്കാലത്താണ് ഇവയുടെ ശല്യമുണ്ടാകുക. മഴക്കാലമാണ് ബ്ലിസ്റ്റര്‍ ബീറ്റിലിന്റെ പ്രജനനകാലഘട്ടം.
ഒരുതരം വണ്ട് ആണിത്. ബ്ലിസ്റ്റര്‍ ബീറ്റില്‍ പുറത്തുവിടുന്ന ടോക്‌സിന്‍, പേഡ്രിന്‍ എന്നിവ പൊള്ളലേല്‍ക്കുന്ന അനുഭവത്തിനു കാരണമാകും. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് കാക്കനാട് മേഖലയില്‍ 200 പേരാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. വനമേഖലകളോട് ചേര്‍ന്ന കെട്ടിടങ്ങളിലാണ് പൊതുവെ ബ്ലിസ്റ്റര്‍ ബീറ്റില്‍ കാണപ്പെടുന്നത്. മഴക്കാലത്ത് റബറിന്റെ ഇലകള്‍ നിലത്തുവീണ് അഴുകുന്നതിലും ഈ പ്രാണിയെ കാണാം. രാത്രിയില്‍ ഇവ വെളിച്ചം ഉള്ള സ്ഥലങ്ങളിലേക്ക് നീങ്ങും. മൊബൈല്‍ ഫോണ്‍, ലാപ് ടോപ് വെളിച്ചം എന്നിവയുടെ അടുത്തേക്ക് ഈ പ്രാണിയെത്തും.
മണ്ണില്‍ ചില കീടനാശിനികള്‍ പ്രയോഗിച്ചാല്‍ ഈ പ്രാണിയുടെ വളര്‍ച്ച തടയാമെന്നാണ് പഠനം. മണ്ണെണ്ണ ഉപയോഗിച്ച് ഈ പ്രാണിയെ കൊല്ലാന്‍ സാധിക്കും. വാക്വം ക്ലീനര്‍ ഉപയോഗിച്ച് തറയില്‍ പറ്റിപിടിച്ചിരിക്കുന്ന പ്രാണികളെ നശിപ്പിക്കാം.
രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണ്‍, ലാപ് ടോപ് എന്നിവ ഉപയോഗിക്കുന്നവര്‍ക്കും ബാല്‍ക്കണിയില്‍ വിശ്രമിക്കുന്നവര്‍ക്കുമാണ് പ്രാണിയുടെ ഉപദ്രവം നേരിടേണ്ടിവന്നത്. ഈ പ്രാണിയുടെ ശരീരത്തിലുള്ള രാസവസ്തു ശരീരത്തില്‍ പുരണ്ടാല്‍ ചര്‍മ്മ കോശങ്ങളെ നശിപ്പിക്കും.മുഖം, കഴുത്ത്, കൈകാലുകള്‍ എന്നിവിടങ്ങളില്‍ ചുവന്നു തിണര്‍ത്ത പൊള്ളിയ പാടുകള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.