കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ആശുപത്രികൾ ആവശ്യത്തിന് രക്തമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. നിപ്പയുടെ ഭീതി ആളുകളിൽ നിന്നും വിട്ടൊഴിയാത്തതിനാൽ. രക്തം നൽകാൻ ആളുകൾ മടിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതിനാൽ ശസ്ത്രക്രിയകൾ പോലും മാറ്റിവെക്കേണ്ട അവസ്ഥയാണുള്ളത്. രക്തത്തിന്റെ ക്ഷാമം പരിഹരിക്കുന്നതിനായി. ജില്ലാ ഭരണകൂടവും, ജില്ലാ ആരോഗ്യവകുപ്പും, ബ്ലഡ് ഡോണേഴ്സ് അസോസിയേഷനും സംയുക്തമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
രക്തം നൽകുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്താൻ ആളുകൾ മടിക്കുകയാണ്. ഇതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകളുടെ സ്റ്റോക്ക് തീർന്നു. അടിയന്തര ശസ്ത്രക്രിയകൾക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
അനാവശ്യമായ ആശങ്കകളാണ് പലരെയും രക്തം നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നും ആശങ്കയില്ലാതെ രക്തദാനത്തിനായി ജനങ്ങള്‍ മുന്നോട്ടു വരണമെന്നും ജില്ലാ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
ആളുകളിൽനിന്നും നിപ്പയുടെ ഭയം അകറ്റാനും രക്തദാനം പ്രോത്സാഹിപ്പിക്കാനുമായി ജൂൺ പത്തിനും പതിനാലിനുമിടയിലായിരിക്കും രക്തദാന ക്യാമ്പുകൾ സംഘിപ്പിക്കുക.