മുന്‍ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. അപകടത്തിനു ശേഷം പിന്തുടര്‍ന്ന ഓഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അപകടം അറിഞ്ഞിട്ടും അവരെ ആശുപത്രിയിലെത്തിക്കാന്‍ ഇവരുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും നടന്നിട്ടില്ല. ഓഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഓഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കുണ്ടന്നൂരില്‍ വെച്ച് ഓഡി കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് വിവരം.