കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപി ബോധപൂർവം മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്നാണു പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
2023 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്ര സമർപ്പിച്ചത്. ഐ.പി.സി 354, പോലീസ് ആക്ടിലെ 119 എ എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.
മാധ്യമ പ്രവർത്തകരുമായുള്ള സംവാദത്തിനിടെ തുടർ ചോദ്യങ്ങൾ ചോദിച്ച സമയത്ത് സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവാക്കുകയായിരുന്നു എന്നും ഒഴിഞ്ഞു മാറിയെങ്കിലും വീണ്ടും കൈവയ്ക്കാൻ ഒരുങ്ങിയപ്പോൾ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവർത്തക എടുത്തു മാറ്റുകയും ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എന്നാൽ വാത്സല്യപൂര്വമായിരുന്നു തന്റെ പെരുമാറ്റം എന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം ഉണ്ടായത്. സുരേഷ് ഗോപിക്കെതിരായ ആദ്യ കുറ്റപത്രം ഫെബ്രുവരി 26 നായിരുന്നു നടക്കാവ് എസ്.ഐ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കുറ്റപത്രം ചില പിശകുകൾ തിരുത്തി വീണ്ടും കഴിഞ്ഞ ദിവസം സമർപ്പിക്കുകയായിരുന്നു.
കുറ്റപത്രത്തിൽ പറയുന്ന ഐ.പി.സി 354 പ്രകാരം കുറ്റം തെളിഞ്ഞാൽ സ്ത്രീത്വത്തെ അപമാനിക്കൽ എന്ന കുറ്റത്തിന് മൂന്ന് വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഇത് കൂടാതെ പോലീസ് വകുപ്പ് 119 പ്രകാരം പൊതുസ്ഥലത്ത് സ്ത്രീത്വത്തിനു മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ പെരുമാറി എന്ന കുറ്റത്തിന് പിഴ ചുമത്താവുന്നതുമാണ്.