വളർത്താൻ കഴിവില്ല, 21 ദിവസം പ്രായമായ കുഞ്ഞിനെ ദമ്പതികൾക്ക് വിറ്റു; കോഴിക്കോട് സ്വദേശിയായ പിതാവ് അറസ്റ്റിൽ
കുഞ്ഞിനെ വളർത്താൻ കയ്യിൽ പണമില്ല, 21 ദിവസം പ്രായമുള്ള കുട്ടിയെ പിതാവ് വിറ്റു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
വളർത്താൻ പണമില്ലെന്ന കാരണത്താൽ സ്വന്തം കുഞ്ഞിനെ വിറ്റ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കോഴിക്കോട് മാറാട് സ്വദേശി മിഥുൻ (31) ആണ് 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റത്. 18 വർഷമായി കുട്ടികളില്ലാതെ കഴിയുന്ന ദമ്പതികൾക്കാണ് ഇയാൾ കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറയുന്നു. എന്നാൽ എത്ര തുകയ്ക്കാണ് കുട്ടിയെ വിറ്റതെന്ന് മിഥുൻ വ്യക്തമാക്കുന്നില്ല.
സാമ്പത്തികമായി മോശം അവസ്ഥയിൽ കഴിയുന്ന മിഥുനും ഭാര്യയ്ക്കും ഇതുകൂടാതെ രണ്ട് കുട്ടികൾ ഉണ്ട്. കുഞ്ഞിനെ വളർത്താൻ പണമില്ലാത്തതിനാലാണ് ഈ കടുംകൈ ചെയ്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ വിൽക്കാൻ ഇയാൾ തീരുമാനിച്ചിരുന്നു. എന്നാൽ ഭാര്യ സമ്മതിച്ചില്ല. പിന്നീട് മിഥുൻ ഭാര്യയെ നിർബന്ധിച്ചാണ് കുഞ്ഞിനെ വിറ്റത്.
കുട്ടി ജനിച്ചത് വീട്ടിൽ തന്നെയാണ്. അതിനാൽ ആശുപത്രിയുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭ്യമല്ല. ചൈല്‍ഡ് വെല്‍ഫെയര്‍ ആക്റ്റ് പ്രകാരവും മിഥുനെതിരെ ജാമ്യം ലഭിക്കാത്ത കേസ് ചുമത്തിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആർക്കാണ് കുട്ടിയെ നൽകിയതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് ശ്രമിക്കുകയാണ്.