ആരോഗ്യമന്ത്രാലയം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ കര്‍വ് ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തിലേക്ക് അടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഡിസംബര്‍ 31 ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16,764 ആയിരുന്നു. 33 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ഡിസംബര്‍ 31. അതിനുശേഷം ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 33,750 ആയി. അതായത് ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടി ! ഒറ്റദിനം 5,000 ത്തില്‍ അധികം കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ട്രെന്‍ഡ് ആണ് ഇപ്പോള്‍ കാണുന്നത്. കോവിഡ് കര്‍വ് ഈ രീതിയില്‍ പോകുകയാണെങ്കില്‍ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അടുത്ത അഞ്ച് ദിവസം കൊണ്ട് അരലക്ഷത്തിലേക്ക് എത്തും. ഡിസംബര്‍ 31 ന് രാജ്യത്ത് ചികിത്സയിലുണ്ടായിരുന്ന ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായിരുന്നു. ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുത്തു.
കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ ജനുവരി പകുതിക്ക് ശേഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗവ്യാപനം രൂക്ഷമായാല്‍ കേരളത്തിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും.