Chenthamara - Nenmara Murder Case: 'ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട, എത്ര വര്‍ഷം വേണേല്‍ ശിക്ഷിക്ക്'; രണ്ട് പേരെ കൊന്നിട്ടും കൂസലില്ലാതെ ചെന്താമര
തനിക്ക് ജയിലില്‍ നിന്ന് ഇറങ്ങാന്‍ താല്‍പര്യമില്ലെന്നാണ് ചെന്താമര ആലത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞത്
Chenthamara - Nenmara Murder Case: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര (58) 14 ദിവസത്തെ റിമാന്‍ഡില്‍. ആലത്തൂര്‍ സബ് ജയിലിലാണ് ഇയാള്‍ ഇപ്പോള്‍ ഉള്ളത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ നല്‍കും. പോത്തുണ്ടി തിരുത്തന്‍പാടം ബോയന്‍ കോളനിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത് താനാണെന്ന് ചെന്താമര സമ്മതിച്ചു.
തനിക്ക് ജയിലില്‍ നിന്ന് ഇറങ്ങാന്‍ താല്‍പര്യമില്ലെന്നാണ് ചെന്താമര ആലത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞത്. ചെയ്തത് തെറ്റാണെന്നും നൂറ് വര്‍ഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നും ചെന്താമര പറഞ്ഞു. ഇരട്ടക്കൊല നടത്തിയിട്ടും ഒരു കൂസലും ഇല്ലാതെയാണ് ചെന്താമര കോടതിയില്‍ നിന്നത്.
കൊലപാതകം നടത്തിയത് തനിച്ചാണ്. തന്റെ ജീവിതം തകര്‍ത്തവരാണ് അവര്‍. അതുകൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്. എത്രയും വേഗം ശിക്ഷ നടപ്പിലാക്കണം. ഇനി പുറത്തിറങ്ങാന്‍ ആഗ്രഹമില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത ശേഷം പൊലീസ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും പ്രതി പറഞ്ഞു. കൊല നടത്താന്‍ സാധിച്ചതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്ന ഭാവമാണ് പ്രതിക്കെന്നും മനസ്താപമില്ലാത്ത കുറ്റവാളിയാമെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് പേരെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ചെന്താമര പൊലീസിനു മൊഴി നല്‍കിയത്. 2019 ല്‍ കൊല്ലപ്പെട്ട സജിത, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുധാകരന്‍ എന്നിവരെ കൂടാതെ ചെന്താമരയുടെ ഭാര്യയും മകളും ഒരു പൊലീസുകാരന്‍ എന്നിങ്ങനെ മൂന്ന് പേരെ കൊലപ്പെടുത്തുകയായിരുന്നു തന്റെ ഉദ്ദേശമെന്ന് ചെന്താമര പൊലീസിനോടു പറഞ്ഞു.
താന്‍ ജയിലില്‍ നിന്നു വന്നതിനു ശേഷം അയല്‍ക്കാരായ സുധാകരനും അമ്മയ്ക്കും തന്നെ കാണുമ്പോള്‍ ഒരു ചൊറിച്ചില്‍ ആണ്. കൊലപാതകത്തിനു തലേന്ന് സുധാകരന്‍ മദ്യപിച്ച് വന്ന് തന്നെ ചീത്തവിളിച്ചെന്നും ചെന്താമര പറയുന്നു. ഇതോടെയാണ് സുധാകരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൊലപാതകത്തിനായി കൊടുവാള്‍ വാങ്ങിവച്ചിരുന്നു. സുധാകരന്റെ കാലില്‍ ആദ്യം വെട്ടി. പിന്നീട് നെഞ്ചിലും കഴുത്തിലും വെട്ടുകയായിരുന്നു. ഈ സമയത്താണ് സുധാകരന്റെ അമ്മ ഓടിയെത്തിയത്. സുധാകരന്റെ അമ്മയെ കൂടി കൊലപ്പെടുത്താന്‍ തീന്‍ തീരുമാനിക്കുകയായിരുന്നെന്നും ചെന്താമരയുടെ മൊഴിയില്‍ പറയുന്നു.