കൊല്ലത്ത് ചിക്കൻപോക്‌സ് പടരുന്നു; 21 വിദ്യാർത്ഥികൾക്ക് രോഗബാധ; സ്കൂൾ അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടി
രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് പിറവന്തൂർ മോഡല്‍ യുപി സ്കൂളിലെ വിദ്യാർത്ഥികളില്‍ ചിക്കൻപോക്സ് രോഗം കണ്ടെത്തിയത്.
കൊല്ലം ജില്ലയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചതിന് പിന്നാലെ ചിക്കൻപോക്സ് വ്യാപകമായി പടരുന്നതായി റിപ്പോർട്ട്. ഇപ്പോള്‍ 21 വിദ്യാർത്ഥികളില്‍ ചിക്കൻപോക്സ് രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് പത്തനാപുരം മോഡല്‍ യുപി സ്കൂള്‍ അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടി.
രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് പിറവന്തൂർ മോഡല്‍ യുപി സ്കൂളിലെ വിദ്യാർത്ഥികളില്‍ ചിക്കൻപോക്സ് രോഗം കണ്ടെത്തിയത്. ഇത് കൂടുതല്‍ കുട്ടികളിലേക്ക് രോഗം പടരാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശപ്രകാരം സ്കൂള്‍ അടച്ചുപൂട്ടുകയായിരുന്നു. . അസുഖം പിടിപ്പെട്ട കുട്ടികള്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂളില്‍ ശുചീകരണ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കി. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിർദ്ദേശപ്രകാരം പ്രത്യേകസംഘം രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഫോഗിങ്ങ് ഉള്‍പ്പടെയുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തി. കാലാവസ്ഥയില്‍ സംഭവിച്ച മാറ്റമാണ് രോഗത്തിന് കാരണമായതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.
നിലവില്‍ രോഗം നിയന്ത്രണ വിധേയമാണന്നും പ്രതിരോധമരുന്ന് വിതരണവും ശുചീകരണ പ്രവർത്തനങ്ങളും വ്യാപകമാക്കിയെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.മുന്‍കരുതല്‍ എന്ന നിലയിലുള്ള അവധികഴിഞ്ഞ് തിങ്കളാഴ്ച ക്ലാസ്സ് തുടങ്ങാനാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.