25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ലാഭം നേടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍). 2022-23 വര്‍ഷത്തില്‍ 521.50 കോടി രൂപ പ്രവര്‍ത്തന ലാഭവും 267.17 കോടി രൂപ അറ്റാദായവും നേടി. നിക്ഷേപകര്‍ക്ക് 35 ശതമാനം റെക്കോര്‍ഡ് ലാഭവിഹിതം നല്‍കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു.
കോവിഡിന്റെ പ്രത്യാഘാതത്തില്‍ 2020-21 ല്‍ 85.10 കോടി രൂപ സിയാല്‍ നഷ്ടം നേരിട്ടിരുന്നു. കോവിഡാനന്തരം നടപ്പാക്കിയ സാമ്പത്തിക, പ്രവര്‍ത്തന പുനഃക്രമീകരണ നടപടികളുടെ ഫലമായി 2021-22 ലേക്ക് എത്തിയപ്പോള്‍ 22.45 കോടി ലാഭം നേടാന്‍ സാധിച്ചു. 2021-22 വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 418.69 കോടിയായി. 2022-23 ല്‍ മൊത്തവരുമാനം 770.90 കോടിയായി ഉയര്‍ന്നു.