Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല, കോവിഡ് 19 ചെറുക്കാൻ ജനങ്ങളുടെ പങ്കാളിത്തം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല, കോവിഡ് 19 ചെറുക്കാൻ ജനങ്ങളുടെ പങ്കാളിത്തം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി
, ബുധന്‍, 11 മാര്‍ച്ച് 2020 (19:51 IST)
കോവിഡ് 19 ബാധ ചെറുക്കന്നതിനായുള്ള സർക്കാർ ശ്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർ സധൈര്യം മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 
 
സന്നദ്ധ പ്രവർത്തകർക്ക് പങ്കാളിത്തം രജിസ്റ്റർ ചെയ്യാനായി പ്രത്യേക വെബ്സൈറ്റിന്റെ ലിങ്കും, ഫോൺ നമ്പരും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിട്ടുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തി ട്രെയിനിങ് നൽകിയ ശേഷമായിരിക്കും സന്നദ്ധ പ്രവർത്തകരെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
 
പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സർക്കാരിനു മുന്നോട്ടു പോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ പിന്തുണയും പങ്കാളിത്തവും കാരണമാണ്. ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിൻ്റെ നന്മയെക്കരുതി ആയിരങ്ങളാണ് സഹായഹസ്തങ്ങളുമായി ആ സന്ദർഭങ്ങളിൽ മുന്നോട്ടു വന്നത്. അവരുടെ ത്യാഗമാണ് സർക്കാരിനു മികച്ച രീതിയിൽ പ്രവർത്തിക്കാൻ വേണ്ട ആത്മവിശ്വാസവും പ്രചോദനവും നൽകിയത്.
 
ഇന്ന് വീണ്ടും അത്തരമൊരു സാഹചര്യം നമുക്കു മുൻപിൽ ഉരുത്തിരിഞ്ഞിരിക്കുന്നു. ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ടു പടരുന്ന കോവിഡ്-19 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മുടെ സർക്കാർ ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർ സധൈര്യം മുന്നോട്ട് വന്നു സർക്കാരിനൊപ്പം കൈകൾ കോർക്കണമെന്നും, നമ്മുടെ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കണമെന്നും ഞാൻ അഭ്യർഥിക്കുകയാണ്. 
 
അതിനായി സർക്കാരിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ https://bit.ly/2TEhVPK എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറിൽ മിസ് കാൾ ചെയ്തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റർ ചെയ്യുക. ആവശ്യമായ ട്രെയിനിംഗ് നൽകിയതിനും വേണ്ട തയ്യാറെടുപ്പുകൾക്കും ശേഷം മാത്രമായിരിക്കും പ്രവർത്തനങ്ങളിൽ നിങ്ങളെ പങ്കാളികളാക്കുന്നത്.
 
വെല്ലുവിളികൾക്കു മുന്നിൽ പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല. ഇച്ഛാശക്തിയോടെ നമ്മളവയെ മറികടന്നിട്ടേ ഉള്ളൂ. എല്ലാവരും അഭിപ്രായഭിന്നതകളൊക്കെ മാറ്റി വച്ച് ഒരുമിക്കേണ്ട സമയമാണിത്. സന്നദ്ധതയോടെ മുന്നോട്ടു വരൂ, നിങ്ങളെ കേരളത്തിനാവശ്യമുണ്ട്.
 
പിണറായി വിജയൻ
മുഖ്യമന്ത്രി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി മിനിമം ബാലൻസ് വേണ്ട, എസ്എംഎസിന് ചാർജ് ഈടാക്കില്ല, ജനപ്രിയ തീരുമാനങ്ങളുമായി എസ്‌ബിഐ