മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പടെ മാസപ്പടി വിവാദം ഇന്ന് നിയമസഭയില്‍ കൊണ്ട് വരുന്നതില്‍ യുഡിഎഫില്‍ തീരുമാനമായില്ല. വിഷയം അടിയന്തിരമായി സഭയില്‍ ഉന്നയിക്കാനായിരുന്നു യുഡിഎഫിന്റെ ആദ്യ തീരുമാനം. എന്നാല്‍ ഡയറിക്കൊപ്പം സിഎംആര്‍എല്‍ പണം നല്‍കിയവരുടെ രേഖയില്‍ സ്വന്തം നേതാക്കളുടെ പേരും വന്നതാണ് യുഡിഎഫ് പിന്മാറ്റത്തിന് പിന്നില്‍. വിഷയം ശക്തമായി ഉന്നയിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന കാരണത്താലാണ് യുഡിഎഫിന്റെ പിന്മാറ്റം.
കൊച്ചില്‍ മിനറല്‍സ് ആന്റ് റൂട്ടില്‍ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിംഗ് ഡയറക്ടറായ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും 2019 ജനുവരി 25നായിരുന്നു. ഇന്‍കം ടാക്‌സ് വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയില്‍ കണ്ടെത്തിയ ഡയറിയിലാണ് മാസപ്പടി കണക്കുകള്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് 2017 മുതല്‍ 3 വര്‍ഷം കമ്പനി നല്‍കിയ പണത്തിന്റെ കണക്കുകള്‍ ഇതില്‍ ഉണ്ടായിരുന്നു. ഇത് ചര്‍ച്ചയായി ഉയര്‍ത്തികൊണ്ടുവരുന്നതിന്റെ ഇടയിലാണ് ഡയറിയിലെ മറ്റ് പേരുകളെ പറ്റിയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുരേഷ്‌കുമാറിന്റെ വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് കണ്ടെടുത്ത രേഖയില്‍ പിവി,ഒസി,ആര്‍സി,കെകെ,ഐകെ എന്നിങ്ങനെ ചുരുക്കെഴുത്തുക്കള്‍ ഉണ്ട്. ഇത് പിണറായി വിജയന്‍,ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല,പികെ കുഞ്ഞാലിക്കുട്ടി,വികെ ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ പേരുകളാണെന്നാണ് സുരേഷ് കുമാര്‍ നല്‍കിയിരിക്കുന്ന മൊഴി. ഏത് ദിവസം എത്ര പണം ആര്‍ക്ക് നല്‍കി എന്നീ വിവരങ്ങള്‍ എം ഡി ശശിധരന്‍ കര്‍ത്തായുടെ നിര്‍ദേശപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ടെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു. നേതാക്കളുടെ മാത്രമല്ല ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരുടെയും മാധ്യസ്ഥാപനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പേരുകള്‍ പട്ടികയിലുണ്ടെന്നാണ് സൂചന.