മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെ ഫേസ്‌ബുക്കിൽ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ പൊലീസ് ആക്റ്റ് 118 എപ്രകാരം കേസ് എടുക്കണം എന്നു പരാതി. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഷഹദ് റഹ്മാനാണ് അദ്യ പരാതി നൽകിയത്. പോലീസ് ആക്‌ട് 118എ പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ പരാതിയാണിത്.
ഫിറോസിനെ അപകീർത്തിപ്പെടുത്താനായി ലക്ഷ്യമിട്ട് വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. പരാതി പോലീസ് സ്വീകരിച്ചു.അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്‍റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. പോലീസ് ആക്‌ടിനെതിരെ വലിയ രീതിയിൽ വിമർശനം ഉയരുന്നതിനിടെയാണ് പരാതി എന്നത് ശ്രദ്ധേയമാണ്. പുതിയ നിയമഭേദഗതിപ്രകാരം പരാതിക്കാരനില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്ട്രേറ്റിന്‍റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം. ഭരണഘടന നൽകുന്ന അവകാശങ്ങളെ ഹനിക്കുന്നുവെന്ന് കാട്ടി ഐടി ആക്റ്റ് 66എ നേരത്തെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു.