PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്
സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളെ കാണരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനു താക്കീത് നല്‍കി
PV Anvar: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് പി.വി.അന്‍വറിനോടു കോണ്‍ഗ്രസ് നേതൃത്വം. യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്‍വര്‍ ഇടപെടുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളെ കാണരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനു താക്കീത് നല്‍കി. യുഡിഎഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തീരുമാനിക്കും. എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അന്‍വറിനു മുന്നണിക്കുള്ളില്‍ അറിയിക്കാം. പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും അന്‍വറിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വം താക്കീത് നല്‍കിയ സാഹചര്യത്തില്‍ നിലമ്പൂരില്‍ ഇന്നു നടത്താനിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പി.വി.അന്‍വര്‍ മാറ്റിവച്ചു.
ഉപതിരഞ്ഞെടുപ്പില്‍ ജോയിയെ മത്സരിപ്പിച്ച ശേഷം 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ചുവാങ്ങാനാണ് അന്‍വറിന്റെ നീക്കം. അതിനായി തന്റെ നോമിനി എന്ന നിലയിലാണ് ജോയിയെ അന്‍വര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. അന്‍വറിന്റെ പിന്തുണയില്ലെങ്കില്‍ നിലമ്പൂരില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതുകൊണ്ടാണ് അന്‍വറിനെ പൂര്‍ണമായി തള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്തത്.