സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുന്നു; മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
അതേസമയം സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുകയാണ്
Publish Date: Wed, 13 May 2026 (08:21 IST)
Updated Date: Wed, 13 May 2026 (08:23 IST)
കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും. മേയ് നാലിനു തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് പത്താം ദിവസം ആകുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കങ്ങൾ രൂക്ഷമായി തുടരുന്നതുകൊണ്ടാണ് പ്രഖ്യാപനം നീളുന്നത്.
അതേസമയം സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുകയാണ്. സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും പുതിയ സർക്കാരും മന്ത്രിസഭയും അധികാരമേൽക്കാത്തതിനാൽ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിൽ അവ്യക്തത. അന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് ഈ വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി പരീക്ഷാബോർഡ് ബുധനാഴ്ച ചേരും. അവർ ഫലത്തിന് അന്തിമരൂപം നൽകുമെങ്കിലും ഫലപ്രഖ്യാപനം മുൻകൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
പരീക്ഷാബോർഡ് ചേർന്നാൽ, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസംകൂടി വേണ്ടിവരും. അതനുസരിച്ചാണ് ബുധനാഴ്ച പരീക്ഷാ ബോർഡിന്റെ യോഗം നിശ്ചയിച്ചത്. ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തീകരിച്ചു. അപ്പോഴും പുതിയ സർക്കാരോ മന്ത്രിയോ ഒന്നും ആകാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നു.
ട്രഷറിയിൽ ബില്ലുകൾ പാസാകാനും ഓഫീസുകളിൽ ഫയലുകൾ നീങ്ങാനും പ്രതിസന്ധിയുണ്ട്. പുതിയ മന്ത്രിസഭ വരാതെ സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങളിൽ പോലും പരിഹാരമുണ്ടാകില്ല.