പഠനം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ലോകത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്ന യുവജനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'കണക്ട് ടു വര്‍ക്ക്' പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏര്‍പ്പെട്ടിരിക്കുന്ന യുവജനങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വര്‍ഷത്തേക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. 5 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുള്ള പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ 18 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് ആദ്യഘട്ടത്തില്‍ തന്നെ 30,000-ത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
യുവജനങ്ങളെ വെറും തൊഴില്‍ അന്വേഷകരായി മാത്രം കാണാതെ, സംരംഭകരായും തൊഴില്‍ ദാതാക്കളായും മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് നയങ്ങള്‍, നൈപുണ്യ പരിശീലന പരിപാടികള്‍, നോളജ് എക്കോണമി മിഷന്‍, കണക്ട് കരിയര്‍ ടു ക്യാമ്പസ്, യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം തുടങ്ങിയ ഇടപെടലുകള്‍ ഇതിന്റെ ഭാഗമാണ്. 2016ല്‍ 300ല്‍ താഴെയുണ്ടായിരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് 7,500-ല്‍ അധികമായി ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍ വഴി യുവജനങ്ങള്‍ക്ക് നൂതന തൊഴിലുകളിലേക്ക് വഴി തുറക്കുന്നതായും, എം.എസ്.എം.ഇ മേഖലയിലെ വളര്‍ച്ച കേരളത്തിന്റെ സാമ്പത്തിക ഭാവിക്ക് കരുത്താകുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തിന്റെയും തൊഴിലെത്തലിന്റെയും ഇടയില്‍ പാലമായാണ് 'കണക്ട് ടു വര്‍ക്ക്' പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
eemployment.kerala.gov.in എന്ന ഇ-എംപ്ലോയ്‌മെന്റ് പോര്‍ട്ടല്‍ വഴിയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്.