കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രധാനപ്പെട്ട ക്ലാസുകളില്‍ പരീക്ഷ നടത്താതെ എല്ലാവരെയും ജയിപ്പിക്കുന്ന രീതി കുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ടാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ആദ്യംമുതലേ ആലോചിക്കുന്നത്.
തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്ക് സുപ്രീം കോടതി ഇപ്പോള്‍ സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒരാഴ്ചത്തേയ്ക്ക് മാത്രമാണ് നിലവില്‍ പരീക്ഷ നടത്താന്‍ സ്റ്റേ ഉള്ളത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷമായിരിക്കും കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, പ്ലസ് വണ്‍ പരീക്ഷ പൂര്‍ണമായി സുപ്രീം കോടതി റദ്ദ് ചെയ്തിട്ടില്ല. പരീക്ഷ പൂര്‍ണമായി ഉപേക്ഷിക്കുന്നതിനോട് സര്‍ക്കാരിനും എതിര്‍പ്പുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് വ്യാപനം കുറയുമ്പോള്‍ പരീക്ഷ നടത്താനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ കോവിഡ് വ്യാപനത്തിനിടെ കൃത്യമായി നടത്തിയ മാതൃകയും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിക്കും.