അട്ടപ്പാടി വനത്തിനുള്ളിലെ ആദിവാസി ഊരിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കൃത്യസമയത്ത് ചികിത്സ എത്തിച്ച് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും. അഞ്ച് മണിക്കൂറില്‍ അധികം ദൂരം സഞ്ചരിച്ചാണിവർ സ്ഥലത്തെത്തിയത്. വാഹനത്തില്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷം മൂന്ന് മണിക്കൂര്‍ കൊണ്ട് സംഘം കാടിനുള്ളിലെ മല നടന്നു കയറി.
പുതൂര്‍ പഞ്ചായത്തിലെ മേലെ തുഡുക്കി കുറുംബ ഗോത്രവര്‍ഗ ഊരിലെ യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചത്. പെൺകുഞ്ഞായിരുന്നു. ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിൽ തന്നെയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതി. എന്നാൽ ഈ മാസം അവസാനത്തോടെ ആശുപത്രിയിലേക്ക് മാറ്റിയാൽ മതിയാകുമെന്ന നിഗമനത്തിലായിരുന്നു ഇവർ. എന്നാല്‍, 8ന് പുലര്‍ച്ചെ വേദന അനുഭവപ്പെട്ട യുവതി വെളുപ്പിന് 4.45നു പെണ്‍കുഞ്ഞിനെ പ്രസവിച്ചു.
വിവരമറിഞ്ഞ കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയിലെ ഡോക്ടര്‍മാരടങ്ങുന്ന സംഘം കാട്ടിലേക്കു പോവുകയായിരുന്നു. 40 കിലോമീറ്റർ വാഹനത്തിലും പിന്നീട് വന്യമൃഗങ്ങളിറങ്ങുന്ന കാട്ടുപാതയിലൂടെ മൂന്നു മണിക്കൂര്‍ നടന്നുമായിരുന്നു യാത്ര. സ്ഥലത്തേക്ക് റോഡ് മാർഗമുള്ള യാത്ര സൗകര്യമില്ലാത്തത് ഇവർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും കൃത്യസമയത്ത് അമ്മയ്ക്കും കുഞ്ഞിനും ചികിത്സ ഉറപ്പുവരുത്താൻ സാധിച്ചു.