കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രണ്ട് ഡോസ് വാക്‌സിനാണ് പൊതുവെ സ്വീകരിക്കേണ്ടത്. ഇതിനു കൃത്യമായ ഇടവേള ആവശ്യമാണ്. മാത്രമല്ല, രണ്ട് ഡോസും ഒരേ വാക്‌സിന്‍ തന്നെ സ്വീകരിക്കണം.
ആദ്യ ഡോസ് കോവിഷീല്‍ഡ് എടുത്തവര്‍ രണ്ടാം ഡോസും കോവിഷീല്‍ഡ് തന്നെ സ്വീകരിക്കണം. ആദ്യ ഡോസ് കോവാക്‌സീന്‍ ആണ് സ്വീകരിച്ചതെങ്കിലും രണ്ടാം ഡോസും കോവാക്‌സീന്‍ തന്നെയായിരിക്കണം. ആദ്യ ഡോസായി കോവിഷീല്‍ഡ് സ്വീകരിച്ച ശേഷം രണ്ടാം ഡോസ് കോവാക്‌സീന്‍ സ്വീകരിക്കരുത്. നേരെ തിരിച്ചും. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കോവാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസ് സ്വീകരിക്കാന്‍ 28 ദിവസം കഴിയണം. കോവിഷീല്‍ഡ് ആണെങ്കില്‍ ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസ് സ്വീകരിക്കേണ്ടത് 42 ദിവസമെങ്കിലും കഴിഞ്ഞായിരിക്കണം.
വിദേശത്തുനിന്ന് രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷം നാട്ടിലേക്ക് എത്തിയവരാണെങ്കിലും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. വിദേശത്തുനിന്ന് ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് കേരളത്തിലെത്തിയവര്‍ക്ക് ഇവിടെവച്ച് രണ്ടാം ഡോസ് എടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ട്. ആദ്യ ഡോസിന്റെ ഡാറ്റാബേസ് ലഭ്യമാകാത്തതിനാല്‍ ആണ് രണ്ടാം ഡോസ് നല്‍കാന്‍ സാധിക്കാത്തത്.
അതേസമയം, ആദ്യ ഡോസ് വേറെ ഏതെങ്കിലും സംസ്ഥാനത്തു നിന്ന് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് കേരളത്തില്‍ എത്തിയാലും എടുക്കാം. ആദ്യ ഡോസ് എടുക്കുമ്പോള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയും മൊബൈല്‍ നമ്പറും ഹാജരാക്കണം.
ആദ്യ ഡോസ് സ്വീകരിച്ചവര്‍ രണ്ടാം ഡോസിനു പോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണ്ട. ആദ്യ ഡോസ് എടുക്കുമ്പോള്‍ നല്‍കി തിരിച്ചറിയല്‍ രേഖയും മൊബൈല്‍ നമ്പറും നല്‍കിയാല്‍ മതി.
(ആരോഗ്യവകുപ്പ്, ദിശ ഹെല്‍പ് ലൈന്‍ 1056)