സംസ്ഥാനത്ത് ഇന്നലെ മാത്രം 8 പുതിയ കൊവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് കേരളം.കൊച്ചിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്റെ മാതാപിതാക്കൾക്ക് കൂടി ഇന്നലെ വൈകീട്ടോടെ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ്19 ബാധിതരുടെ എണ്ണം 14 ആയി ഉയർന്നു.ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രിയാണ് വിവരം സ്ഥിരീകരിച്ചത്.
പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.രോഗം സ്ഥിരീകരിച്ചിട്ടുള്ള ത്തനംതിട്ട സ്വദേശികളുടെ അച്ഛനമ്മമാർക്ക് പ്രായത്തിന്‍റേതായ അവശത കൂടിയുളളതിനാൽ ഇവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയിലാണുള്ളത്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.സംസ്ഥാനത്ത് കൊവിഡ്19 ബാധയെ തുടർന്ന് നിരീക്ഷണത്തിലായവരുടെ എണ്ണം 1495 ആയെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രികളിലാണെന്നും മന്ത്രി വിശദമാക്കി.
രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുന്നതിനായി ത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിൽ കൂടുതൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.കൂടാതെ പത്തനംതിട്ടയിൽ കൊവിഡ് 19 സ്ഥിരീകരിച്ച ഏഴുവ്യക്തികൾ സഞ്ചരിച്ച പൊതുസ്ഥലങ്ങളുടെ ഫ്ലോ ചാർട്ടും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.ഇതുവരെ 980 സാംപിളുകൾ അയച്ചതിൽ 815 പേരുടെ ഫലം കിട്ടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് പരിശോധനകൾ ഇന്ന് തുടങ്ങും.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമകളുടെ പ്രദർശനവും ഷൂട്ടിംഗും ഇന്നുമുതല്‍ നിർത്തിവെയ്‌ക്കാൻ തീരുമാനമായി.കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ പൂർണമായും നിർത്തുകയും മദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകുകയും ചെയ്‌തിട്ടുണ്ട്.