പിണറായിയുടെ സ്‌പോണ്‍സറിംഗില്‍ സുരേന്ദ്രന്‍ ജനകീയനാകുന്നു; സംസ്ഥാന ബിജെപിയിലെ ഒന്നാമന്‍ ?
പിണറായിയുടെ സ്‌പോണ്‍സറിംഗില്‍ സുരേന്ദ്രന്‍ ജനകീയനാകുന്നു; സംസ്ഥാന ബിജെപിയിലെ ഒന്നാമന്‍ ?
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ഭാഗികമായ വിജയം കൈവരിക്കാന്‍ സാധിച്ചെങ്കില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ വ്യക്തിയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.
ചിത്തിര ആട്ട വിശേഷ ദിവസം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന സുരേന്ദ്രനെതിരെ പൊലീസ് നടപടികള്‍ ശക്തമാകുകയാണ്. ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ മറ്റൊരു കേസില്‍ പ്രതിയാകുന്ന അവസ്ഥയാണ് അദ്ദേഹം നേരിടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും രാഷ്‌ട്രീയവൈരം തീര്‍ക്കുന്നുവെന്ന സുരേന്ദ്രന്റെ വാക്കുകള്‍ക്ക് പാര്‍ട്ടിയിലും പുറത്തും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ശമരിമല വിഷയത്തിന്റെ പേരിലും മറ്റു രാഷ്‌ട്രീയ ഇടപെടലുകളുടെ പശ്ചാത്തലത്തിലും സര്‍ക്കാര്‍ പക പോക്കുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
സുരേന്ദ്രന്‍ വിഷയത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും പിടിവാശികളും അജണ്ടകളുമുണ്ടെന്ന് വ്യക്തമാണ്. അറസ്‌റ്റിലായതിനു പിന്നാലെ നേരിടേണ്ടി വന്ന കേസ് നടപടികള്‍ അതിനുള്ള തെളിവാണ്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള സുരേന്ദ്രനെതിരായ പൊലീസ് നടപടികളില്‍ പ്രതികരിക്കുന്നില്ലെന്ന പരാതിയും പാര്‍ട്ടിയില്‍ ശക്തമാണ്.
ഈ പശ്ചാത്തലത്തില്‍ സുരേന്ദ്രന്‍ പ്രവര്‍ത്തകര്‍ക്കിടെയിലും ബിജെപി രാഷ്‌ട്രീയത്തിലും കൂടുതല്‍ ശക്തനായി തീര്‍ന്നു. സംസ്ഥാന അധ്യക്ഷനേക്കാള്‍ മൈലേജ് ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചു. ബിജെപിക്ക് വലിയ അടിത്തറയുള്ള മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ സുരേന്ദ്രന് നേട്ടമാകും.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് ജയിക്കാനുള്ള അവസരം സര്‍ക്കാര്‍ അണിയിച്ചൊരുക്കുകയാണെന്ന സംസാരം കോണ്‍ഗ്രസിലുമുണ്ട്. സി പി എമ്മിലെ ഒരു വിഭാഗം പേരും സമാനമായ അഭിപ്രായം പുലര്‍ത്തുന്നുണ്ട്. കേസ് നടപടികള്‍ കൂടുതല്‍ ശക്തമാകുന്നതിന് അനുസരിച്ച് സംസ്ഥാന ബിജെപിയിലെ ഒന്നാം നിര നേതാവാകും സുരേന്ദ്രനെന്നാണ് വിലയിരുത്തല്‍.