K.K.Shailaja: കെ.കെ.ശൈലജ മന്ത്രിസഭയിലേക്കില്ല
നിലവില്‍ സ്പീക്കറായ എം.ബി.രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്
K.K.Shailaja: മന്ത്രിസഭ പുനഃസംഘടനയില്‍ കെ.കെ.ശൈലജയെ പരിഗണിക്കുന്നില്ല. ഒന്നാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജയെ വീണ്ടും മന്ത്രിയാക്കുമെന്ന് ഏതാനും മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, തുടര്‍ച്ചയായി രണ്ട് ടേം മന്ത്രിസ്ഥാനം ഉണ്ടാകില്ല എന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ സിപിഎം തയ്യാറല്ല. എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയും. ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാനും നേരത്തെ രാജിവെച്ചിരുന്നു. ഇവര്‍ക്ക് പകരം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടന ആലോചനയിലുണ്ട്. നിലവില്‍ സ്പീക്കറായ എം.ബി.രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പി.പി.ചിത്തരഞ്ജന്‍, എ.എന്‍.ഷംസീര്‍ എന്നിവരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു. എന്നാല്‍ കെ.കെ.ശൈലജയെ വീണ്ടും മന്ത്രിയാക്കാനുള്ള ആലോചന പാര്‍ട്ടിയില്‍ ഇല്ലെന്ന് സിപിഎമ്മിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.