നന്തൻകോട് കൂട്ടക്കൊലക്കേസ്: സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രതി
നന്തൻകോട് കൂട്ടക്കൊലക്കേസ്: സാത്താൻ സേവയുടെ ഭാഗമായി നടത്തിയതാണെന്ന് പ്രതി
നന്തൻകോട് കൂട്ടക്കൊലക്കേസ് പ്രതി കേഡൽ ജീൻസൺ രാജിനെ ചോദ്യംചെയ്തപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. സാത്താൻ സേവയുടെ ഭാഗമായി ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണ് താന്‍ നടത്തിയതെന്ന് പ്രതി മൊഴി നൽകി. പ്രതി മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്കു ശേഷമാകും വിശദമായ ചോദ്യംചെയ്യൽ.
കുടുംബാംഗങ്ങൾ അറിയാതെ പത്ത് വർഷത്തിലേറെയായി താന്‍ സാത്താൻ സേവ നടത്തുകയായിരുന്നെന്ന് കേഡൽ ജീൻസൺ പൊലീസിന് മൊഴിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിന്ന് നാട്ടിൽ എത്തിയശേഷം ഇന്റർനെറ്റിലൂടെയാണ് സാത്താൻ സേവയുടെ ഭാഗമായതെന്നും ശരീരത്തെ കുരുതി നൽകി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താൻ നടത്തിയതെന്നും കേഡൽ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി.
പ്രതി കേഡൽ ജീൻസൺ രാജിയുടെ ഈ വെളിപ്പെടുത്തൽ പൂർണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നാട്ടുകാർ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിയെ രഹസ്യമായി സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.