പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ കുരുക്ക് മുറുക്കി ക്രൈം ബ്രാഞ്ച്. ദിലീപിനെതിരെ കൊലപാതകം ലക്ഷ്യംവെച്ചുള്ള ഗൂഡാലോചന നടത്തിയെന്ന വകുപ്പുകൂടി ചുമത്തി.നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഡാലോചന വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമ്പോള്‍ പുതിയ കൂട്ടിച്ചേര്‍ക്കല്‍ നിര്‍ണായകമാകും.
അതിനിടെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ലൈംഗിക അതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം നിലവില്‍ വന്ന ശേഷം നടക്കുന്ന ആദ്യ സംഭവമായിരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇത്തരമൊരു കേസിലെ മുഖ്യ സൂത്രധാരൻ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി ഗൂഢാലോചന നടത്തിയതും സംസ്ഥാനത്ത് ആദ്യമാണ്.
വിശദമായ അന്വേഷണത്തിലൂടെ മാത്രമേ എല്ലാ വസ്തുതകളും കണ്ടെത്താനാകൂ. നിർണായകമായ തെളിവുകൾ പ്രതിക്കെതിരെ ലഭിച്ച സാഹചര്യത്തിൽ ഗൂഡാലോചനക്കേസിൽ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് ക്രൈംബ്രാഞ്ച് എസ്.പി. എം.പി. മോഹനചന്ദ്രന്‍ ഫയല്‍ ചെയ്ത വിശദീകരണത്തില്‍ പറയുന്നത്.