മോഷണം തൊഴിലാക്കിയ ദമ്പതികൾ പിടിയിൽ
മോഷണം: ദമ്പതികള്‍ അറസ്റ്റില്‍
മോഷണക്കുറ്റത്തിനു ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ അമ്പലത്തറ മാണിക്ക്യവിളാകം പള്ളിത്തെരുവ് സ്വദേശികളായ പീര്‍ മുഹമ്മദ് (65), ഭാര്യ ഷാഹിദാ ബീവി (56) എന്നിവരാണു പൊലീസ് വലയിലായത്.
ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡുകളില്‍ എത്തുന്ന യാത്രക്കാരുടെ പഴ്സ്, മൊബൈല്‍ എന്നിവ മോഷണം പോകുന്നത് സ്ഥിരമായതോടെ പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിലാണ് ദമ്പതികള്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം കടയ്ക്കാവൂര്‍ സ്വദേശിനിയായ യുവതിയുടെ പഴ്സ് ബസ് യാത്രയ്ക്കിടെ മോഷണം പോയതുമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്.
സ്ത്രീകളുടെ പഴ്സും മൊബൈല്‍ ഫോണും കുട്ടികളുടെ സ്വര്‍ണ്ണാഭരണങ്ങളും അടിച്ചുമാറ്റുന്ന ഭാര്യ മറ്റാരും കാണാതെ ഈ സാധനങ്ങള്‍ ഭര്‍ത്താവിനെ ഏല്‍പ്പിക്കും. ഭര്‍ത്താവ് ഇതുമായി സ്ഥലം വിടും. ഇതായിരുന്നു ഇവരുടെ മോഷണ രീതി. നിരവധി മോഷണകേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.