Publish Date: Sun, 13 Sep 2020 (11:48 IST)
Updated Date: Sun, 13 Sep 2020 (11:50 IST)
യുവാവായ ഓട്ടോഡ്രൈവറുടെ മരണത്തിൽ പെൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്ക രശ്മി ഭവനിൽ രശ്മി എന്ന ഇരുപത്തഞ്ചുകാരിയാണ് കുളത്തൂപ്പുഴ പോലീസിന്റെ വലയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുളത്തൂപ്പുഴ ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായ കിഴക്കേക്കര ടിഎസ് ഭവനിൽ ദിനേശ് എന്ന ഇരുപത്തഞ്ചുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. രശ്മിയുടെ വീട്ടിലെ അടുക്കള വാതിലിലായിരുന്നു ദിനേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടം ചെയ്തു. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പൊലീസ് സർജൻ നൽകിയ പ്രാഥമിക വിവരം. തുടർന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും.
ഏറെ നാളായി ഇരുവരും അടുപ്പത്തിലായിരുന്നു എന്നും കഴിഞ്ഞ ദിവസം ഓട്ടോയിൽ വീട്ടിലെത്തിയ ദിനേശ് തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ കട്ടിലിൽ തലയടിച്ചു വീണു എന്നും യുവതി മൊഴി നൽകി. ഇയാളെ വലിച്ചിഴച്ചു അടുക്കള വാതിൽക്കൽ എത്തിയപ്പോഴേക്കും തളർന്നു വീണു മരിക്കുകയുമായിരുന്നു എന്നാണ് യുവതി പറഞ്ഞത്.
തുടർന്ന് വിവരം അയൽക്കാരെ അറിയിക്കുകയും പൊലീസിൽ വിവരം നൽകുകയുമായിരുന്നു. കുളത്തൂപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ ഗിരീശ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.