സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി കേരളം; 105 കാരനോടു വീഡിയോ കോളില്‍ സംസാരിച്ച് മുഖ്യമന്ത്രി
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈനായി ബില്ലടയ്ക്കാനും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കാനും എല്ലാവരെയും പ്രാപ്തരാക്കുന്നതിന്റെ ഭാഗമാണിത്
ഡിജി കേരളം പദ്ധതിയിലൂടെ ചരിത്രം സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈനായി ബില്ലടയ്ക്കാനും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കാനും എല്ലാവരെയും പ്രാപ്തരാക്കുന്നതിന്റെ ഭാഗമാണിത്. ചടങ്ങില്‍ 105 വയസ്സുള്ള അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രി വീഡിയോ കോളില്‍ സംസാരിച്ചു. 1991-ല്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി ചരിത്രം സൃഷ്ടിച്ച കേരളം, എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ഡിജി-കേരള പദ്ധതിയുടെ കരുത്തിലാണ് പുതിയ നേട്ടത്തിലേക്ക് കടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ സാക്ഷരത നേടിയവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ അബ്ദുള്ള മൗലവി ബാഖവിയോട് വീഡിയോ കോളില്‍ സംസാരിച്ച വീഡിയോ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പരിപാടിക്കിടെ, എഴുപത്തിയഞ്ചു വയസ്സുള്ള നവ-ഡിജിറ്റല്‍ സാക്ഷരരായ പെരിങ്ങമലയിലെ ശാരദയ്ക്കും വിശാലാക്ഷിയ്ക്കും ഒപ്പം മുഖ്യമന്ത്രി ചിത്രം പകര്‍ത്തുകയും ചെയ്തു.