സിനിമാ മേഖലയില്‍ നിന്നുള്ള പിന്തുണ ഉറപ്പിച്ച് ദിലീപ്; ജയിലേക്ക് താരങ്ങളുടെ ഒഴുക്ക് തുടരുന്നു
സിനിമാ മേഖലയില്‍ നിന്നുള്ള പിന്തുണ ഉറപ്പിച്ച് ദിലീപ്; ജയിലേക്ക് താരങ്ങളുടെ ഒഴുക്ക് തുടരുന്നു
Publish Date: Thu, 07 Sep 2017 (12:44 IST)
Updated Date: Thu, 07 Sep 2017 (12:46 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് ഇന്നും സിനിമാലോകത്തു നിന്നുള്ള പ്രമുഖര്‍ എത്തി.
നടൻമാരായ വിജയരാഘവൻ, നന്ദു, നിർമാതാക്കളായ രഞ്ജിത് രജപുത്ര, എവർഷൈൻ മണി എന്നിവർ ദിലീപിനെ കാണാൻ ജയിലിലെത്തി. ദിലീപ് അടുത്ത സുഹൃത്തായതിനാലാണ് കാണാൻ പോയതെന്നും ആക്രമണത്തിനിരയായ നടിയെ കാണാൻ താൻ പോയിട്ടുണ്ടെന്നും രജപുത്ര രഞ്ജിത് പ്രതികരിച്ചു.
സിനിമാ മേഖലയിൽ ഉള്ളവർ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നടനും എംഎൽഎയുമായ കെബി ഗണേഷ്കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഗണേഷ്കുമാറിനു പുറമെ നടൻമാരായ ജയറാം, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുധീർ, സംവിധായകരായ രഞ്ജിത്, നാദിർഷാ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ തിരക്കഥാകൃത്ത് ബെന്നി പിനായരമ്പലം, ഏലൂർ ജോർജ് തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളിൽ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു.
അച്ഛൻറെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന് കോടതി അനുമതി കൊടുത്തതിനു പിന്നാലെ നാദിർഷയാണ് ആദ്യം ആലുവ സബ് ജയിലിലെത്തിയത്. ഇതിനു പിന്നാലെ ഭാര്യ കാവ്യാ മാധവൻ, മകൾ മീനാക്ഷി, കാവ്യയുടെ അച്ഛൻ എന്നിവർ ഒരുമിച്ചെത്തി ദിലീപിനെ കണ്ടിരുന്നു.