നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥയോ?; വാര്‍ത്തകള്‍ പരിധി വിട്ടാല്‍ ഇടപെടും - പൊലീസിനെതിരെ ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥയോ?; വാര്‍ത്തകള്‍ പരിധി വിട്ടാല്‍ ഇടപെടും - പൊലീസിനെതിരെ ഹൈക്കോടതി
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടനും സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി അന്വേഷണസംഘത്തെ വിമർശിച്ചത്.
കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ പൊലീസ് എന്നും ചോദിച്ചു. ഇത് ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാണോ എന്ന് ചോദിച്ച കോടതി മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ എന്ന സംശയം പ്രകടിപ്പിച്ചു.
അന്വേഷണം ക്രിമിനല്‍ ചട്ടപ്രകാരമായിരിക്കണം. വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വേഷണം പാടില്ല. ഇപ്പോൾ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ?. കേസിലെ ചര്‍ച്ചകള്‍ പരിധി വിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി പൊലീസിനെ അറിയിച്ചു.
ഇതേസമയം, കേസിലെ അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) കോടതിയെ അറിയിച്ചു. നാദിർഷയെ പ്രതിയാക്കാനുള്ള ഉദ്ദേശ്യമില്ലെന്നും അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ തൽകാലമില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ഇതോടെ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 18ലേക്ക് മാറ്റുകയും ചെയ്തു. അതുവരെ അറസ്‌റ്റ് തടയുകയും ചെയ്‌തു. അതേസമയം, 18ന് രാവിലെ 10 മണിക്ക് നാദിർഷയോട് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവാനും കോടതി നിർദ്ദേശിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് നാളെ വീണ്ടും ജാമ്യഹര്‍ജി നല്‍കാനിരിക്കെയാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍.