കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് മാറ്റിവെച്ചു
ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജനുവരി 9 ലേക്ക് മാറ്റി
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ വിധി പറയുന്നത് ജനുവരി 9 ലേക്ക് മാറ്റി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് കുറ്റപത്രം ചോര്‍ന്നു എന്നും അതിന് പിന്നില്‍ പൊലീസാണെന്നുമാണ് ദിലീപിന്റെ പരാതി.
ഈ സാഹചര്യത്തില്‍ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ദിലീപ് തന്നെയാകും കുറ്റപത്രം ചോര്‍ത്തിയതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. കഴിഞ്ഞ ദിവസങ്ങളില്‍ വിശദമായ വാദം നടന്ന ശേഷമാണ് ഇന്ന് വിധി പറയാന്‍ മാറ്റിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളായ അനുബന്ധകുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിവസം കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ പൊലീസിനോട് വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.