പിസി ജോര്‍ജ് മൂന്നാംകിട ക്രിമിനലുകളെ പോലെ സംസാരിച്ചു; നടിയുടെ മൊഴിയില്‍ കുടുങ്ങി പൂഞ്ഞാര്‍ എംഎല്‍എ
പിസി ജോര്‍ജ് മൂന്നാംകിട ക്രിമിനലുകളെ പോലെ സംസാരിച്ചു; നടിയുടെ മൊഴിയില്‍ കുടുങ്ങി പൂഞ്ഞാര്‍ എംഎല്‍എ
Publish Date: Sat, 09 Sep 2017 (17:38 IST)
Updated Date: Sat, 09 Sep 2017 (17:41 IST)
പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി. നടിയുടെ വീട്ടിലെത്തിയാണ് നെടുമ്പാശേരി പൊലീസ് മൊഴിയെടുത്തത്. നടിയുടെ മൊഴി പരിശോധിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പിസി ജോര്‍ജിന്റെ പ്രസ്‌താവനകള്‍ തനിക്ക് മാനഹാനിയുണ്ടാക്കി. തനിക്കെതിരായ പ്രചാരണത്തിന് ചിലര്‍ ഈ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചു. വ്യക്തിഹത്യ നടത്തുന്നതിന് തുല്യമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതോടെ സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിന് ഇട നല്‍കി. ഒരുപാട് വേദനിപ്പിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും അവര്‍ മൊഴിയില്‍ വ്യക്തമാക്കി.
ഒരു ജനപ്രതിനിധി എന്ന കാര്യം മറന്നു കൊണ്ട് മൂന്നാംകിട ക്രിമിനലുകളെ പോലെയാണ് ജോർജ് പരാമർശങ്ങൾ നടത്തിയത്. സ്ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തേണ്ട ഒരു ജനപ്രതിനിധിക്ക് ഇത്തരത്തിൽ എങ്ങനെ സംസാരിക്കാൻ കഴിഞ്ഞുവെന്ന് മനസിലാകുന്നില്ല. സമൂഹത്തിലെ പ്രബലർ വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും സ്ത്രീത്വത്തെ കളങ്കപ്പെടുത്തുമ്പോൾ താൻ ഏറെ ആശങ്കപ്പെടുന്നുവെന്നും നടി പറഞ്ഞു.
താനാരാണെന്ന് വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു ജോര്‍ജിന്റെ പരാമർശം. ഇതിനുശേഷം തന്നെ പലരും ഫോണിൽ വിളിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ മേഖലയിലുള്ളവരും നൽകിയ പിന്തുണയാലാണ് ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തയായി തിരിച്ച് അഭിനയലോകത്ത് മടങ്ങിയെത്തിയതെന്നും നടി പറഞ്ഞു.
നടി ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എ ചോദിച്ചത്. നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു.