‘അങ്കിളേ’എന്ന് വിളിച്ച് ഓടിയെത്തിയ കാവ്യയെ ദിലീപ് തിരുത്തി ദിലീപേട്ടന്‍ എന്നാക്കി; 25 വര്‍ഷത്തെ പരിചയം വിവാഹത്തിലെത്തുന്നതിനു മുമ്പ് സംഭവിച്ചത്
ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നതിനു മുമ്പുള്ള ഒന്നിച്ചുള്ള 25 വര്‍ഷങ്ങള്‍
മകള്‍ മീനാക്ഷിയുടെ സാന്നിധ്യത്തില്‍ നടന്‍ ദിലീപ് മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവനെ വിവാഹം കഴിച്ചു. 25 വര്‍ഷത്തെ പരിചയം വിവാഹത്തിലെത്തുമ്പോള്‍ 20 സിനിമകളില്‍ ഒരുമിച്ച് നായികയും നായകനുമായി ഇരുവരും. കൊച്ചിയിലെ സ്വകാര്യഹോട്ടലായ വേദാന്തയില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങ്.
കാവ്യയേക്കാള്‍ ഒരുപാട് വയസ്സിനു മൂത്തതാണ് കാവ്യയെങ്കിലും സിനിമയില്‍ ദിലീപിനേക്കാള്‍ സീനിയറാണ് കാവ്യ. ‘പൂക്കാലം വരവായ്’ എന്ന സിനിമയില്‍ സ്കൂള്‍ കുട്ടിയായി കാവ്യ അഭിനയിച്ച് ആറു മാസത്തിനു ശേഷമാണ് ദിലീപ് സിനിമാരംഗത്ത് എത്തുന്നത്.
കണ്ടപാടേ ‘അങ്കിളേ’ എന്നു വിളിച്ചെത്തിയ കാവ്യയെ ദിലീപ് തിരുത്തി ദിലീപേട്ടന്‍ എന്നാക്കി. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ സിനിമയില്‍ നായികയും നായകനുമായ കാവ്യയും ദിലീപും നല്ല സുഹൃത്തുക്കളായി. പിന്നെ, ആ സൌഹൃദം നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് മേമ്പൊടിയായി. തെങ്കാശിപ്പട്ടണം, മീശമാധവന്‍, സദാനന്ദന്റെ സമയം, റണ്‍വേ, ലയണ്‍, പാപ്പി അപ്പച്ച തുടങ്ങി ഏറ്റവും അവസാനം അടൂര്‍ ഗോപാലകൃഷ്‌ണന്റെ പിന്നെയും സിനിമ വരെയെത്തി നില്‍ക്കുന്നു. ജനപ്രിയനായകന്‍ എന്ന ലേബലില്‍ ദിലീപ് വെള്ളിത്തിരയില്‍ തിളങ്ങിയപ്പോള്‍ ‘അടുത്ത വീട്ടിലെ കുട്ടി’ എന്ന ഇമേജ് ആയിരുന്നു കാവ്യ മാധവന് മലയാളിപ്രേക്ഷകര്‍ നല്കിയത്.
നടിയും നര്‍ത്തകിയുമായിരുന്ന മഞ്ജു വാര്യരാണ് ദിലീപിന്റെ ആദ്യഭാര്യ. 1998ല്‍ വിവാഹിതരായ ഇവര്‍ പതിനാലു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുണ്ട്, മീനാക്ഷി. 2009ല്‍ ആയിരുന്നു നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ വിവാഹം. എന്നാല്‍, ഒരു വര്‍ഷത്തിനു ശേഷം കാവ്യ ഈ ബന്ധം വേര്‍പെടുത്തി. ഇരുവരും വിവാഹമോചിതരായതോടെ വിവാഹവാര്‍ത്തകള്‍ വീണ്ടും സജീവമായിരുന്നു. ദിലീപും കാവ്യയും വിവാഹിതരായതായി പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനിന്നു. അന്നുതന്നെ, താന്‍ കാവ്യയെ വിവാഹം കഴിക്കുകയാണെങ്കില്‍ എല്ലാവരെയും അറിയിച്ചായിരിക്കും വിവാഹം കഴിക്കുക എന്ന് അറിയിച്ചിരുന്നു. അതുപോലെ തന്നെ, ഫേസ്‌ബുക്ക് ലൈവിലൂടെ തന്റെ വിവാഹവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചതിനു ശേഷമാണ് ദിലീപ് വിവാഹവേദിയില്‍ എത്തിയത്.
മകള്‍ മീനാക്ഷിയുടെ പൂര്‍ണസമ്മതത്തോടെ ആയിരുന്നു വിവാഹമെന്ന് ദിലീപ് പറഞ്ഞു. വിവാഹത്തിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ വിവാഹം കഴിക്കാന്‍ താനാണ് അച്‌ഛനോട് പറഞ്ഞതെന്ന് മീനാക്ഷി വ്യക്തമാക്കി. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന ദിലീപ് - കാവ്യ വിവാവവാര്‍ത്ത തികച്ചും അപ്രതീക്ഷിതമായാണ് മലയാളികളിലേക്ക് എത്തിയത്.