നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. കേസില്‍ കൂറുമാറിയവരെ കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേര്‍ന്നത്. ഇതില്‍ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കര്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്.
കേസില്‍ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്താണെന്നാണ് റിപ്പോര്‍ട്ട്. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാല്‍ സാഗറിനുനേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ദിലീപ് പണം കൊടുത്ത് സാഗറിനെ വരുതിയിലാക്കിയതാകാം എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.