പത്തനംതിട്ട: ശബരിഗിരി പദ്ധതി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പമ്പാ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഷട്ടറുകൾ ഉയർത്താൻ ജില്ലാ കളക്ടർ പിബി നൂഹ് ഉത്തരവിട്ടിരുന്നു. ഡാമിന്റെ ആറ് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത് സെക്കൻഡിൽ 82 ക്യുബിക്സ് മീറ്റർ ജലം പുറത്തേയ്ക്ക് ഒഴുക്കും. ഇതോടെ പമ്പാ നദിയിൽ 40 സെന്റീമീറ്റർ ജലനിരപ്പ് ഉയരും എന്നാണ് കണക്കാക്കപ്പെടുന്നത്.
ഡാമിൽ ജലനിരപ്പ് 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് ദേശീയ ജല കമ്മീഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്ററിൽ ജലം എത്തുന്ന ഘട്ടത്തിൽ ഡാം തുറക്കാൻ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിയ്ക്കുകയായിരുന്നു. മഴ ശക്തമായാൽ വലിയ അളവിൽ വെള്ളം തുറന്നുവിടുന്ന സാഹചര്യം ഒഴിവാക്കാനാണ് നിയന്ത്രിത അളവിൽ വെള്ളം ഇപ്പോഴെ ഒഴുക്കുന്നത്. അഞ്ച് മണിക്കൂറിനുള്ളിൽ ജലം ഒഴുകി ജനവാസ പ്രദേശമായ റാന്നിയിലെത്തും. നിലവിൽ നദി തീരം കവിഞ്ഞാണ് ഒഴുകുന്നത്. തീരപ്രദേശങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.