രണ്ട് പേര്‍ അരികത്ത് വിളിച്ചിരുത്തി ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു; ദുരനുഭവം തുറന്നുപറഞ്ഞ് ദിവ്യ എസ്.അയ്യര്‍
രണ്ട് വ്യക്തികള്‍ വാത്സല്യപൂര്‍വ്വം അരികത്ത് വിളിച്ചിരുത്തി ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു
ആറാം വയസ്സില്‍ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ്.അയ്യര്‍. രണ്ട് വ്യക്തികളില്‍ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും ആ സാഹചര്യത്തില്‍ നിന്ന് താന്‍ കുതറിയോടുകയായിരുന്നെന്നും ദിവ്യ പറഞ്ഞു. ലൈംഗിക അതിക്രമത്തിനു ഇരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കലക്ടര്‍ തനിക്കുണ്ടായ മോശം അനുഭവത്തെ പറ്റി തുറന്നുപറഞ്ഞത്.
രണ്ട് വ്യക്തികള്‍ വാത്സല്യപൂര്‍വ്വം അരികത്ത് വിളിച്ചിരുത്തി ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താന്‍ കുതറിയോടി രക്ഷപ്പെട്ടെന്നും കലക്ടര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇരുവരുടെയും മുഖം ഇപ്പോള്‍ ഓര്‍മയില്ലെന്നും ദിവ്യ പറഞ്ഞു. അന്ന് അങ്ങനെ ചെയ്യാനാണ് തോന്നിയത്. എന്നാല്‍ എല്ലാ ബാല്യങ്ങള്‍ക്കും അങ്ങനെ കഴിയില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.