കുളത്തൂപ്പുഴ: പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടു കുട്ടികൾ കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ മുങ്ങിമരിച്ചു. കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്‌കൂളിലെ കുട്ടികളാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ക്ലാസ് ഇല്ലാതിരുന്നതിനാൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ ഏഴംഗ സംഘം കുളിക്കാൻ ഇറങ്ങിയതിൽ രണ്ടു പേരാണ് മുങ്ങിമരിച്ചത്. കുളത്തൂപ്പുഴ ഏഴംകുളം പൊയ്കയിൽ വീട്ടിൽ ബിജുമാത്യു - സൂസി ദമ്പതികളുടെ മകൻ ബൈജു ബിജു, കണ്ടച്ചിറ റോഷ്‌ന മൻസിലിൽ ഷറഫുദ്ദീൻ - നാഫി ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ എന്നിവരാണ് മരിച്ചത്.
പത്തു മണിയോടെയാണ് ഇവർ കുളിക്കാനിറങ്ങിയത്. ആറ്റിൽ പൊതുവെ വെള്ളം കുറവായിരുന്നെങ്കിലും ആഴമുള്ള ഭാഗത്ത് അടിയൊഴുക്കിൽ പെട്ടാണ് കുട്ടികൾ മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയതിൽ നീന്തുന്നതിനിടെ നാല് കുട്ടികളാണ് ഒഴുക്കിൽ പെറ്റിട്ടത്. ഇവരിൽ രണ്ടു പേരെ മറ്റു വിദ്യാർത്ഥികൾ രക്ഷിച്ചെങ്കിലും ബൈജുവും റോഷനും ഒഴുക്കിൽ പെട്ട് മുങ്ങിപ്പോയി.
കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പത്തരമണിയോടെ നൂറുമീറ്റർ അകലെ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഒഴുക്കിൽ പെട്ട മറ്റു രണ്ടു കുട്ടികളെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.