Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതൃപ്‌തി അറിയിച്ച് വിദ്യാഭ്യാസമന്ത്രി, വിവാദ സർക്കുലർ പിൻവലിച്ചു

അതൃപ്‌തി അറിയിച്ച് വിദ്യാഭ്യാസമന്ത്രി, വിവാദ സർക്കുലർ പിൻവലിച്ചു
, വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (19:12 IST)
ജീവനക്കാർ കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന വിവാദ സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വകുപ്പ് മേധാവികളെ അതൃപ്‌തി അറിയിച്ചു.
 
ജീവനക്കാർ കലാ,സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് മുൻകൂർ അനുമതിവേണമെന്നും അതിനുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഈ നിർദേശങ്ങൾ വിവാദമായിരുന്നു.സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവ്ർത്തിക്കുന്നതിനായി ധാരാളം അപേക്ഷകളാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ വ്യക്തതക്കായാണ് പുതിയ ഉത്തരവെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്.
 
വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
 
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചു
 
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചതായി അറിയിക്കുന്നു. സെപ്റ്റംബർ 9ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലർ ആണ് പിൻവലിച്ചത്.
 
സാഹിത്യ സംസ്കാരിക രംഗങ്ങളിൽ ഏർപ്പെടുന്നതിനായി അനുമതി ആവശ്യപ്പെട്ടുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ശുപാർശ ചെയ്യുന്നതിലേക്കുള്ള നിർദ്ദേശങ്ങളാണ് സർക്കുലറിൽ പുറപ്പെടുവിച്ചത്. എന്നാൽ ഈ സർക്കുലർ കലാ സാഹിത്യ സംസ്കാരിക പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു . അത്തരം ഉദ്ദേശ്യം ഈ സർക്കുലറിന് ഉണ്ടായിരുന്നില്ല എന്ന് അറിയിക്കുന്നു.
 
അനുമതിക്കായി സമർപ്പിക്കപ്പെടുന്ന സാഹിത്യ സൃഷ്ടിയുടെ സർഗാത്മകതയോ ഏതെങ്കിലും തരത്തിലുളള ഗുണമേന്മാ പരിശോധനയോ വിദ്യാഭ്യാസ ഓഫീസർ തലത്തിൽ നടത്തുമെന്നതല്ല ഈ സർക്കുലർ കൊണ്ട് ഉദ്ദേശിച്ചത്. അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെടുന്ന സത്യപ്രസ്താവനയിൽ പറയുന്ന തരത്തിൽ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ നിബന്ധനകൾക്ക് വിധേയമായി പരിശോധിക്കുക മാത്രമാണ് ഉദ്ദേശിച്ചത്.
 
സർക്കുലറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ആണ് വിഷയത്തിൽ ഇടപെട്ട് സർക്കുലർ പിൻവലിക്കാൻ നിർദേശം നൽകിയത്. കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല എന്ന് ഉറപ്പ് നൽകുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിലെ നാവികസേനാ മേധാവിക്ക് അന്ന് തകഴി 'ഹലോ' പറഞ്ഞു തുടങ്ങി: മലയാളിയുടെ മൊബൈല്‍ ചരിത്രത്തിന് 25 വയസ്