കൊല്ലം: വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിന്റെ പേരിലുണ്ടായ വിഷമത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. എഴുകോണ്‍ പോച്ചക്കോണം അനന്തു സദനത്തില്‍ സുനില്‍ കുമാര്‍- ഉഷാകുമാരി ദമ്പതികളുടെ മകള്‍ അനഘ സുനില്‍ എന്ന 19 കാരിയാണ് കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞു തൂങ്ങിമരിച്ചത്.
അനഘയ്ക്ക് തമിഴ്നാട്ടിലെ തേനിയിലെ കോളേജില്‍ പാരാമെഡിക്കല്‍ കോഴ്സിന് പ്രവേശനം ലഭിച്ചിരുന്നു. ഇതിനായി ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. നാല് ലക്ഷം രൂപയാണ് ഇതിനായി വേണ്ട ചിലവ്. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം രാവിലെ അനഘ ബാങ്കില്‍ പോയി സംസാരിച്ചു എന്നും വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്ന് പറഞ്ഞതായും പിതാവ് പറഞ്ഞു.
പുറത്തായിരുന്ന മാതാപിതാക്കള്‍ വീട്ടിലെത്തി കുട്ടിയെ വിളിച്ചപ്പോള്‍ വാതില്‍ അടഞ്ഞു കിടന്നു. കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുനില്‍ കുമാര്‍ മുമ്പ് വീട്ടു വയ്ക്കാനായി ഇതേ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു എന്നും ഇതില്‍ കുടിശിക ഉണ്ടായിരുന്നതായും അറിഞ്ഞതിനെ തുടര്‍ന്ന് ഈ വായ്പ വിദ്യാഭ്യാസ വായ്പക്ക് തടസ്സമാകുമോ എന്ന സംശയിച്ച് 45000 രൂപ അടയ്ക്കുകയും ചെയ്തിരുന്നു.
അനഘയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്ക് വായ്പ നല്‍കുന്നതിനുള്ള നടപടികള്‍ ചെയ്തുവരികയായിരുന്നു എന്നാണ് ബാങ്ക് അധികാരികള്‍ പറയുന്നത്.