Publish Date: Tue, 14 Apr 2026 (09:03 IST)
Updated Date: Tue, 14 Apr 2026 (09:06 IST)
എല്‍നിനോ പ്രതിഭാസം മൂലം രാജ്യത്താകെ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് കേരളത്തെയും ബാധിക്കും. തെക്കുപടിഞ്ഞാറന്‍ കാലാവര്‍ഷ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശരാശരി ലഭിക്കേണ്ട മഴയുടെ 92% മഴ മാത്രമേ ലഭിക്കുകയുള്ളൂ. ജൂണ്‍ ജൂലൈ മാസത്തില്‍ തന്നെ എല്‍നിനോ പ്രതിഭാസം രൂപപ്പെടും. ഇടവപ്പാതിയുടെ രണ്ടാം പകുതിയില്‍ മഴ കുറവാകാനാണ് സാധ്യത.
കൂടാതെ വേനല്‍ മഴയിലും കുറവുണ്ട്. അതേസമയം കാലവര്‍ഷം എന്നു മുതല്‍ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല. കേരളത്തിലെ മഴ സാധാരണ തോതില്‍ ആയിരിക്കുമെന്നാണ് സ്വകാര്യ കമ്പനി പ്രവചിച്ചിട്ടുള്ളത്. അതേസമയം കൊടും ചൂടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പുകളുടെ രൂപത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 54 പ്രകാരം ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ശിക്ഷാര്‍ഹമാണെന്നും അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രിയില്‍ നിന്ന് 55 ഡിഗ്രിയിലേക്ക് ഉയരുമെന്നും ചൂട് കാരണം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുമെന്നും കാറുകളില്‍ പൂര്‍ണ്ണമായും ഇന്ധന ടാങ്കുകള്‍ നിറയ്ക്കരുതെന്നും തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വാട്ട്സ്ആപ്പ് കാമ്പെയ്ന്‍ പ്രചരിക്കുന്നുണ്ട്.