നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പൂര്‍ണ കോവിഡ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാകും ജില്ലയിലെ പോളിങ് ബൂത്തുകള്‍ സജ്ജമാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഒരു ബൂത്തില്‍ 1000 പേര്‍ക്കു മാത്രമായിരിക്കും വോട്ട്. 14 നിയമസഭാ മണ്ഡലങ്ങളിലുമായി പുതുതായി സജ്ജമാക്കുന്ന പോളിങ് ബൂത്തുകളടക്കം ജില്ലയില്‍ ആകെ 4164 പോളിങ് ബൂത്തുകളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.
കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഓരോ പോളിങ് ബൂത്തിലും പ്രത്യേക ബ്രേക്ക് ദി ചെയിന്‍ കിറ്റ് നല്‍കുമെന്നു കളക്ടര്‍ പറഞ്ഞു. 200 മില്ലി ലിറ്ററിന്റെ 10 കുപ്പി ഹാന്‍ഡ് വാഷ്, 500 മില്ലി ലിറ്ററിന്റെ 10 കുപ്പി സാനിറ്റൈസര്‍ എന്നിവ ഇതിലുണ്ടാകും. ഓരോ ബൂത്തിലും പ്രത്യേക മാസ്‌ക് കോര്‍ണര്‍ ഉണ്ടാകും. ഇവിടെ 200 ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകള്‍ സൂക്ഷിക്കും. ബൂത്തില്‍ എത്തുമ്പോള്‍ മാസ്‌ക് എടുക്കാന്‍ ആരെങ്കിലും മറന്നാല്‍ നല്‍കുന്നതിനായാണിത്. സമ്മതിദായകര്‍ക്കു നല്‍കുന്നതിനായി ഓരോ ബൂത്തിലും 2000 ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് കൈയുറകള്‍ നല്‍കും.