Publish Date: Sat, 14 Nov 2020 (11:45 IST)
Updated Date: Sat, 14 Nov 2020 (11:50 IST)
നെയ്യാറ്റിന്‍കര: ഒരമ്മ പെറ്റ മക്കളായ സഹോദരങ്ങള്‍ ഒരു വാര്‍ഡില്‍ തന്നെ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ കാണാന്‍ കഴിയുന്നത്. മൂത്ത സഹോദരന്‍ സി.പി.എം ആണെങ്കില്‍ ഇളയ സഹോദരന്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്.
നെയ്യാറ്റിന്‍കര നഗരസഭയുടെ മരുതത്തൂര്‍ വാര്‍ഡിലാണ് ഇവര്‍ തമ്മില്‍ മത്സരിക്കുന്നത്. മൂന്നു സഹോദരനായ പുരുഷോത്തമന്‍ നായര്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. അതെ സമയം സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടന്ന ഇളയ സഹോദരന്‍ എസ.സനല്‍കുമാര്‍ കോണ്‍ഗ്രസ് ടിക്കറ്റിലും മത്സരിക്കുന്നു.
ഇവരുടെ മാതാവായ വസുന്ധരാമ്മ നേരത്തെ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു എന്നാണ് പറയുന്നത്. പക്ഷെ മാതാവിനൊപ്പമാണ് സി.പി.എം പ്രവര്‍ത്തകനായ പുരുഷോത്തമന്‍ നായര്‍ താമസിക്കുന്നത്. എങ്കിലും മാതാവ് പക്ഷം പിടിക്കാനില്ല, പകരം മാതാവിന്റെ അനുഗ്രഹം ഇരുവര്‍ക്കുമുണ്ട്. മാതാവിന്റെ മനസ്സില്‍ ഇവരില്‍ ആര് ജയിച്ചാലും താന്‍ കൗണ്‍സിലറുടെ മാതാവാകും എന്നാവാം കണക്കുകൂട്ടുന്നത്.
കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭയിലെ പുറ്റിംഗല്‍ വാര്‍ഡിലും ഇതേ രീതിയില്‍ സഹോദരങ്ങള്‍ തമ്മിലാണ് പ്രധാനമായും മാറ്റുരയ്ക്കുന്നത്.